'ഇന്ത്യ' തിളങ്ങുമ്പോൾ ചോദ്യം ചെയ്യപ്പെട്ട് എക്സിറ്റ് പോളുകൾ; അവിടെയും 'കനലൊരു തരിയുണ്ട്'
എക്സിറ്റ് പോളുകൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോളിൽ 400ന് മുകളിൽ സീറ്റ് എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്
'ഇന്ത്യ' തിളങ്ങുമ്പോൾ രാജ്യമാകെ ചോദ്യം ചെയ്യപ്പെടുന്നത് എക്സിറ്റ് പോളുകളുടെ വിശ്വാസീയത. എൻഡിഎയെ തുണയ്ക്കുന്നതായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും. ഒരുപടി കൂടെ കടന്ന് ബിജെപിക്ക് നാനൂറ് സീറ്റുകളിൽ കൂടുതൽ കിട്ടുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളും ഉണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്ത് ആക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പക്ഷേ കേരളത്തിൽ എക്സിറ്റ് പോളുകൾ ഏകദേശം ശരിയായി തന്നെ വന്നിട്ടുണ്ട്. യുഡിഎഫ് തരംഗം പ്രവചിച്ച എക്സിറ്റ് പോളുകൾ ബിജെപി അക്കൗണ്ട് തുറക്കുമെന്നും കൃത്യമായി വിലയിരുത്തിയിരുന്നു.
എക്സിറ്റ് പോളുകൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോളിൽ 400ന് മുകളിൽ സീറ്റ് എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ബിജെപിക്ക് മാത്രം 322 മുതൽ 340 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചിച്ചിരുന്നു. ന്യൂസ്24-ടുഡേസ് ചാണക്യയും മോദിക്കും എൻഡിഎയ്ക്കും 400 സീറ്റ് എന്നാണ് പ്രവചിച്ചത്. ന്യൂസ്18 മെഗാ എക്‌സിറ്റ് പോളിൽ എൻഡിഎ 355 മുതൽ 370 വരെ സീറ്റുകൾ നേടുമെന്നാണ് അവകാശപ്പെട്ടത്. സമാനമായി മോദിക്ക് അനായാസം മൂന്നാം ഊഴമെന്നാണ് തന്നെയായിരുന്നു എക്സിറ്റ് പോളുകൾ എല്ലാം ആവർത്തിച്ചത്.
കനലൊരു തരിയായി ഡി ബി ലൈവ്
പ്രമുഖ എക്സിറ്റ് പോളുകൾ എല്ലാം മോദി തരംഗം പ്രവചിച്ചപ്പോൾ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഹിന്ദി മാധ്യമമായ ദേശബന്ധുവിൻറെ ഇൻറർനെറ്റ് ടി വി ചാനലായ 'ഡി ബി ലൈവ്' ആണ് ഇന്ത്യ സഖ്യം മുന്നേറുമെന്ന് പ്രവചിച്ചത്. എൻഡിഎയ്ക്ക് 201 മുതൽ കൂടിയാൽ 241 വരെ സീറ്റ് മാത്രമേ ലഭിക്കൂ എന്നായിരുന്നു ഡി ബി ലൈവ് വിലയിരുത്തിയത്. 255 മുതൽ 290 വരെ സീറ്റ് ഇന്ത്യ സഖ്യത്തിന് കിട്ടുമെന്നും ഈ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു. ഇരു മുന്നണികളും തമ്മിൽ കടുത്ത പോരാണ് നടക്കുന്നതെന്ന് പ്രവചിക്കാൻ ഡി ബി ലൈവിന് സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം