തിരിച്ചടി പലയിടങ്ങളില്‍; ബിജെപിക്ക് ഒരു എംപി പോലുമില്ലാതെ 7 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്

Lok Sabha Elections 2024 BJP Zero in these states and Indian union territories

ദില്ലി: 400 സീറ്റുകള്‍ എന്ന അവകാശവാദവുമായാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഗോദയിലിറങ്ങിയത്. പ്രധാനമന്ത്രിപദത്തിലേക്ക് ഹാട്രിക് ഊഴം കാത്ത് നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി എന്‍ഡിഎയെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നയിച്ചു. 400 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 292 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ സഖ്യത്തിലെ പ്രധാനകക്ഷിയായ ബിജെപി 240 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. കേരളത്തില്‍ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കാനായപ്പോഴും 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. 272 സീറ്റുകള്‍ കേവലഭൂരിപക്ഷത്തിന് വേണ്ട സ്ഥാനത്ത് ബിജെപി സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ആ മാന്ത്രിക സംഖ്യ കടന്നു. ബിജെപി കൊടുങ്കാറ്റില്‍ എന്‍ഡിഎ മുന്നണി 353 സീറ്റുകള്‍ 2019ല്‍ അക്കൗണ്ടിലാക്കി. എന്നാല്‍ 2024ലേക്ക് വന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യാ മുന്നണി'ക്ക് മുന്നില്‍ ബിജെപിയുടെ വിധിയാകെ മാറി. ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകിടംമറിഞ്ഞപ്പോള്‍ പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണം ഇത്തവണ 240ലേക്ക് ചുരുങ്ങി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് 63 സീറ്റുകളുടെ കുറവാണ് ബിജെപിക്ക് ഇക്കുറിയുണ്ടായത്. കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നപ്പോഴും ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടില്‍ ബിജെപി പൂജ്യമായി. തമിഴ്‌നാട്ടില്‍ ഒതുങ്ങുന്നതല്ല ബിജെപിക്കുണ്ടായ തിരിച്ചടികള്‍. 

ബിജെപി എംപിമാരില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

ഇന്ത്യയാകെ മോദി പ്രഭാവം അലയടിക്കുമെന്ന് ബിജെപി കണക്കുകൂട്ടിയ സ്ഥാനത്ത് പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പാര്‍ട്ടിക്ക് ഒരാളെ പോലും വിജയിപ്പിക്കാനായില്ല. തമിഴ്‌നാടിന് പുറമെ ചണ്ഡീഗഡ്, ലഡാക്ക്, ലക്ഷദ്വീപ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളില്‍ ബിജെപിക്ക് നിയുക്ത എംപിമാരില്ല. എന്നാല്‍ ഇവയില്‍ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിജെപി സഖ്യകക്ഷികളാണ് ഇവിടങ്ങളില്‍ മത്സരിച്ചത്. അവരില്‍ ചിലര്‍ വിജയിക്കുകയും ചെയ്തു. 

എങ്കിലും മത്സരിച്ചിട്ടും ബിജെപിക്ക് ഒറ്റയാളെ പോലും വിജയിപ്പിക്കാന്‍ കഴിയാതെ പോയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം. ചണ്ഡീഗഢിലെ ഏക സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മനീഷ് തിവാരിയോട് ബിജെപിയുടെ സഞ്ജയ് ടാണ്ടന്‍ തോറ്റു. ലഡാക്കിലെ ഏക സീറ്റിലും ബിജെപി സ്ഥാനാര്‍ഥി തോല്‍വി രുചിച്ചു. ലക്ഷദ്വീപില്‍ ബിജെപി തനിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. മണിപ്പൂരിലാവട്ടെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോട് ബിജെപി സ്ഥാനാര്‍ഥി തോറ്റു. ഔട്ടര്‍ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എന്‍പിഎഫ് പരാജയപ്പെട്ടു. മേഘാലയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യകക്ഷികള്‍ക്കൊപ്പമാണ് മത്സരിച്ചത്, പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. അതേസമയം ഓരോ ലോക്‌സഭ മണ്ഡലങ്ങള്‍ വീതമുള്ള മിസോറാമിലും പുതുച്ചേരിയിലും സിക്കിമിലും ബിജെപി സ്ഥാനാര്‍ഥികള്‍ തോറ്റു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടായിരുന്നു തോല്‍വി. 

തമിഴ്നാട്ടില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കമുള്ള എല്ലാ ബിജെപി സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. തമിഴ്നാട്ടിലെ 39 സീറ്റും ഇന്ത്യാ മുന്നണി തൂത്തുവാരിയപ്പോള്‍ ബിജെപിയുടെ 23 സ്ഥാനാര്‍ഥികളും തോറ്റു. പഞ്ചാബിലെ 13 സീറ്റുകളിലും എല്ലാ ബിജെപി സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതാണ് കണക്കുകള്‍ ശ്രദ്ധേയമായ മറ്റൊന്ന്. കോണ്‍ഗ്രസ് ഏഴും എഎപി മൂന്നും അകാലിദള്‍ ഒന്നും സീറ്റ് നേടി. രണ്ട് സ്വതന്ത്രസ്ഥാനാര്‍ഥികളും പഞ്ചാബില്‍ വിജയിച്ചു. 

ബിജെപിക്ക് എംപിമാരുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, അസം, ബിഹാര്‍, ചത്തീസ്‌ഗഢ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേരി ആന്‍ഡ് ദാമന്‍ ദിയൂ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്‌മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് കുറഞ്ഞത് ഒരു നിയുക്ത എംപി എങ്കിലുമുള്ളത്.  

Read more: 'നിങ്ങൾ പോരാളി, നുണപ്രചാരണങ്ങൾക്കിടെ സത്യത്തിനായി പൊരുതി, സഹോദരിയായതിൽ അഭിമാനം'; വൈകാരിക കുറിപ്പുമായി പ്രിയങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios