ആസ്‌തി 91 കോടി, അഞ്ച് കോടിയുടെ സ്വര്‍ണം, ഡയമണ്ട്, ലക്ഷ്വറി കാറുകള്‍; വിവരങ്ങള്‍ വെളിപ്പെടുത്തി കങ്കണ

അഞ്ച് കോടിയോളം രൂപയുടെ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ കങ്കണ റണൗത്തിനുണ്ട്

Lok Sabha Elections 2024 BJP Mandi candidate Kangana Ranaut declares assets worth over 91 crore

മാണ്ഡി: ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗത്തിന്‍റെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയത്. 

അഞ്ച് കോടിയോളം രൂപയുടെ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ കങ്കണ റണൗത്തിനുണ്ട്. 50 ലക്ഷം വില വരുന്ന 60 കിലോ വെള്ളിയും മൂന്ന് കോടി രൂപയുള്ള 14 കാരറ്റ് ഡയമണ്ടും കങ്കണ സ്വത്തുവിവരങ്ങളില്‍ കാണിച്ചിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയിലും ചണ്ഡീഗഢിലെ സിരാക്‌പുരിലും ഹിമാചലിലെ മണാലിയിലും തനിക്ക് വസ്തുവകകളുണ്ട് എന്ന് കങ്കണ റണൗത്ത് സാക്ഷ്യപ്പെടുത്തി. ബാന്ദ്രയിലെ അപാര്‍ട്‌മെന്‍റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. രണ്ട് മേഴ്‌സിഡസ് ബെന്‍സും ഒരു ബിഎംഡബ്ല്യൂവും അടങ്ങുന്ന 3.91 കോടി രൂപ വിലമതിക്കുന്ന ലക്ഷ്വറി കാറുകള്‍ താരത്തിന് സ്വന്തമായുണ്ട്. 21 ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ കങ്കണയ്ക്കുണ്ട്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗത്ത് നല്‍കിയിരിക്കുന്ന വിവരങ്ങളിലുള്ളത്. 

കങ്കണ റണൗത്തിനെതിരെ മുംബൈയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലും പ്രതിചേര്‍ത്തിട്ടില്ല. 

മാണ്ഡിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത മണ്ഡലങ്ങളിലൊന്നാണ് മാണ്ഡി. കങ്കണ റണൗത്തിന്‍റെ ലോക്‌സഭയിലേക്കുള്ള കന്നി മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് എതിര്‍ സ്ഥാനാര്‍ഥി. ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകനാണ് വിക്രമാദിത്യ സിംഗ്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 2019ല്‍ വിജയിച്ച ബിജെപിയുടെ രാം സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഭാ സിംഗ് 8,766 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാണ്ഡിയില്‍ നിന്ന് വിജയിച്ചിരുന്നു. 

Read more: 'മാണ്ഡിയില്‍ എത്തിച്ചത് ജനങ്ങളുടെ സ്നേഹം, ഉറപ്പായും വിജയിക്കും'; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കങ്കണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios