ദില്ലി പിടിക്കാന്‍ നേതാക്കളുടെ പടയെയിറക്കി ബിജെപി; മലയാളി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ 'കേരള' തന്ത്രം
ദില്ലിയില്‍ ബിജെപിയും കോൺഗ്രസും എഎപിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേതാക്കളെയിറക്കി പ്രചാരണം സജീവമാക്കുകയാണ്
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ദില്ലി പിടിക്കാൻ നേതാക്കളുടെ പടയെ ഇറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഈസ്റ്റ് ദില്ലിയിൽ റാലി നടത്തും. കോൺഗ്രസും എഎപിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേതാക്കളെയിറക്കി പ്രചാരണം സജീവമാക്കുകയാണ്.
2014 ലും 2019 ലും ദില്ലിയിലെ ഏഴ് സീറ്റുകളും തൂത്തുവാരിയ ബിജെപി ഇക്കുറിയും ആ ട്രെന്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിലായിരുന്ന നേതാക്കള്‍ ഇനി ദില്ലിയില്‍ കൂടുതല്‍ സമയം തമ്പടിക്കാനാണ് തീരുമാനം. ശനിയാഴ്ച വടക്കുകിഴക്കൻ റാലിയിൽ നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ നേതാക്കളുടെ പടയാണ് ഇവിടേക്ക് എത്തുന്നത്. അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ഇതിനോടകം വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോയടക്കം നടത്തി സജീവമാണ്. വരും ദിവസങ്ങളിൽ മൂന്ന് റാലികൾ വീതം ഓരോ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇറക്കി. ഏഴിൽ ഏഴ് സീറ്റും ഇത്തവണയും നേടുമെന്ന അവകാശവാദം ബിജെപി ശക്തമാക്കുന്നു.
നാളെ ദ്വാരകയിൽ മോദി വീണ്ടും റാലി നടത്തും. മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രചാരണത്തിനായി സുപ്രീംകോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയത് ദില്ലിയിൽ ബിജെപിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ കൂടിവേണ്ടിയാണ് നേതാക്കളുടെ പടയെ ഇറക്കുന്നത്.
അതേസമയം കെജ്‌രിവാളിന്റെയും നേതാക്കളയുടെയും പ്രചാരണം സജീവമായി തുടരുകയാണ്. ദിവസവും നാല് റാലികളിൽ വരെ കെജ്‌രിവാൾ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് പ്രാദേശിക നേതാക്കളെ ഇറക്കിയാണ് കളംപിടിക്കാൻ ശ്രമിക്കുന്നത്. മലയാളി വോട്ടുകൾ നിർണായകമായ ന്യൂ ദില്ലി മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചാണ്ടി ഉമ്മനുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിലുണ്ട്. ഫരീദാബാദ് ബിഷപ്പ് ഹൗസിലടക്കം സന്ദർശനം നടത്തിയ സുധാകരൻ വിവിധ സഭാ നേതാക്കന്മാരെ കണ്ടു. ശനിയാഴ്ച ആറാം ഘട്ട തെരഞ്ഞെടുപ്പിലാണ് ദില്ലിയിലെ 7 മണ്ഡലങ്ങളിലും വോട്ടെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം