ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് തമിഴകം; ഇന്ത്യ മുന്നണിയുടെ വിജയശില്‍പിയായി എം കെ സ്റ്റാലിന്‍

മിന്നും വിജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കനത്ത തോല്‍വിയില്‍ കെ അണ്ണാമലൈക്ക് മുഖം നഷ്ടമായപ്പോൾ എടപ്പാടി പളനിസാമിക്ക് മുന്നിലും പ്രതിസന്ധി ഏറുകയാണ്.

Lok sabha Election Result 2024 M K Stalin s leadership drives INDIA sweep in Tamil Nadu BJP fails to open account

താമര വിരിയിക്കാമെന്ന ബിജെപിയുടെ മോഹം മുളയിലേ നുള്ളി തമിഴകം. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും തമിഴകത്ത് അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎക്കായില്ല. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്. മിന്നും വിജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കനത്ത തോല്‍വിയില്‍ കെ അണ്ണാമലൈക്ക് മുഖം നഷ്ടമായപ്പോൾ എടപ്പാടി പളനിസാമിക്ക് മുന്നിലും പ്രതിസന്ധി ഏറുകയാണ്.

ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. എന്നാല്‍, ഡിഎംകെ, എഐഎഡിഎംകെ എന്നിവയുമായി സഖ്യത്തിലേർപ്പെടാതെയാണ് ബിജെപി തമിഴിനാട്ടില്‍ ഇത്തവണ മത്സരിച്ചത്. 2019 ല്‍ കൈകോര്‍ത്ത് മത്സരിച്ച എഐഡിഎംകെയും ബിജെപിയും ഇത്തവണ വേറിട്ട് മത്സരിച്ച് കരുത്ത് കാണിക്കാന്‍ തുനിഞ്ഞെങ്കിലും സ്വപ്നങ്ങളെയും കണക്ക് കൂട്ടലുകളെയും വിഫലമാക്കി സ്റ്റാലിന്‍ ഇന്ത്യ സഖ്യത്തിന്‍റെ വിജയ ശില്‍പ്പിയായി മാറുന്ന കാഴ്ചയാണ് തമിഴകത്തില്‍ നിന്ന് പുറത്ത് വരുന്നത്. എഐഎഡിഎകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പളനിസാമിയുടെ അതിജീവന പോരാട്ടവും തമിഴ്നാട്ടില്‍ ഫലം കണ്ടില്ല. അതേസമയം, ഭരണത്തിലെത്തി മൂന്നാം വർഷം കേന്ദ്ര ഏജൻസികൾ ഉയർത്തിയ പ്രതിസന്ധിയും പ്രളയത്തിന് പിന്നാലെ ഉരുണ്ടുകൂടിയ ജനരോഷവും മറികടന്ന് നേടിയ വിജയം സ്റ്റാലിനെയും മകൻ ഉദയനിധിയെയും കരുത്തരാക്കും. വിജയം കൊയ്യാന്‍ ഡിഎംകെയ്ക്കായി എന്നതാണ് ശ്രദ്ധേയം.

Also Read: അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും കാലിടറി ബിജെപി; കോട്ടകളിൽ വിള്ളൽ, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബിജെപി

തമിഴ്‌നാട്ടിൽ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണിയില്‍ എട്ട് പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് മത്സരിച്ച ഒമ്പത് മണ്ഡലങ്ങളിലും മികച്ച ലീഡാണ് നേടിയത്. എന്നാല്‍, 25 ശതമാനം വോട്ടും അരഡസൻ സീറ്റും നേടുമെന്ന് വീമ്പിളക്കിയിരുന്ന കെ അണ്ണാമലൈക്ക് മുഖത്തേറ്റ പ്രഹരമാണ് കോയമ്പത്തൂരിലെ ദയനീയ തോൽവി. 9 സീറ്റിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയെന്ന വാദമുയർത്തി പിടിച്ചുനിൽക്കാനാകും അണ്ണാമൈലയുടെ ശ്രമം. ത്രികോണ പോരാട്ടമില്ലായിരുന്നെങ്കിൽ ഡിഎംകെയ്ക്ക് പത്തിലധികം സീറ്റ് നഷ്ടമായേനേ എന്ന വിലയിരുത്തൽ, അണ്ണാഡിഎംകെയെ പുകച്ചുപുറത്തുചാടിച്ച അണ്ണാമലൈക്ക് ക്ഷീണമാണ്. ചില സീറ്റുകളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാ ഡിഎംകെയ്ക്ക് വോട്ട് വിഹിതത്തിലെ രണ്ടാം സ്ഥാനം കൊണ്ട് മാത്രം ആശ്വസിക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കാനും എടപ്പാടി പാടുപെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios