വാവിട്ട വാക്കുകളും ശത്രുക്കളും വിവാദങ്ങളും, ഒടുവില്‍ കങ്കണ മണ്ഡിയുടെ 'തലൈവി', ജീവിതം സിനിമയെ വെല്ലുന്നത്

മുഖം നോക്കാതെ വാക്കുകള്‍ തൊടുക്കുന്ന താരം വമ്പൻ വിജയം നേടിയാണ് സിനിമാ ലോകത്തെയും ഞെട്ടിച്ചിരിക്കുന്നത്.

Lok Sabha Election 2024 Bollywood actor Kangana Ranaut wins hrk

മുഖം നോക്കാതെ വാക്കുകള്‍ തൊടുത്ത് വിവാദത്തിലാകുന്ന താരമാണ് കങ്കണ റണൗട്. ക്യൂനിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയതോടെയാണ് കങ്കണ റണൗട് രാജ്യത്തിന്റെ ശ്രദ്ധ ആദ്യം ആകര്‍ഷിച്ചത്. രാഷ്‍ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയാൻ തുടങ്ങിയ നടി കങ്കണ റണൗട് നിരന്തരം വിവാദങ്ങളിലും നിറഞ്ഞു. ഹിന്ദുത്വ രാഷ്‍ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു താരത്തിന്റെ പ്രസ്‍താവനകള്‍. സിനിമകള്‍ പരാജയപ്പെടുന്നത് പതിവായതും ഇക്കാലത്താണ്. സിനിമയിലും ശത്രുക്കളെ സൃഷ്‍ടിച്ച ബോളിവുഡ് താരം കങ്കണ ലക്ഷ്യമിടുന്നത് രാഷ്‍ട്രീയ അവസരങ്ങളാണെന്നും ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച കങ്കണ  മിന്നും വിജയം സ്വന്തമാക്കിയപ്പോള്‍ എതിരാളികളും അഭിനന്ദിക്കുന്ന ഭൂരിപക്ഷത്തിലാണെന്നത് ശ്രദ്ധേയമാണ്.മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകൻ വിക്രമാദിത്യ സിംഗായിരുന്നു ഹിമാചലിലെ മണ്ഡിയില്‍ താരത്തിന്റെ എതിരാളി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ ബോളിവുഡ് താരത്തിന്റെ വിജയം അക്ഷരാര്‍ഥത്തില്‍ വിക്രമാദിത്യയെ നിലംപരശാക്കുന്നതായിരുന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.

അരങ്ങളിലൂടെയാണ് കങ്കണ നടിയെന്ന നിലയില്‍ തുടക്കം കുറിച്ചത്. ദില്ലിയില്‍ അസ്‍മിത നാടക സംഘത്തിലൂടെയായിരുന്നു താരം സജീവമായത്. മഹേഷ് ഭട്ടിന്റെ ഗാംഗ്‍സ്റ്ററിലൂടെ കങ്കണ സിനിമയിലും എത്തി. അരങ്ങേറ്റത്തിലേ അത്ഭുതപ്പെടുത്തിയ ആ വേഷപകര്‍ച്ച സിനിമകളില്‍ തിരക്കേറാൻ കങ്കണ റണൗടിനെ സഹായിച്ചു. അവയൊക്കെ ഒന്നിനൊന്ന് വേറിട്ടവയും ആയി. കങ്കണ റണൗട്ടിന് നാല് ദേശീയ അവാര്‍ഡുകളാണ് ലഭിച്ചത്. ദേശീയതലത്തില്‍ കങ്കണ റണൗടിന് തനു വെഡ്‍സ്‍ മനുവിലൂടെയും മണികര്‍ണിക എന്ന ഹിറ്റിനൊപ്പം ദ ക്വീൻ ഓഫ് ജാൻസിയിലൂടെയും  നടിക്കുള്ള അവാര്‍ഡും ലഭിച്ചു.

മികച്ച സ്വഭാവ നടിക്കുള്ള ദേശീയ അവാര്‍ഡ് ഫാഷനിലൂടെയായിരുന്നു ലഭിച്ചത്. രാജ്യം പത്മശ്രീ നല്‍കിയിട്ടുണ്ട്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു കങ്കണ റണൗട് വിവാദങ്ങളിലും ഉള്‍പ്പെട്ടത്. ഹൃത്വിക് റോഷനുമായുള്ള മെയില്‍ സന്ദേശങ്ങളും ആരോപണവുമൊക്കെയായി നടി കങ്കണ റണൗട്ട് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു. മുഖം നോക്കാതെ തുറന്നു സംസാരിക്കുന്ന താരമായതിനാല്‍ ശത്രുക്കളെയും സൃഷ്‍ടിച്ചു കങ്കണ റണൗട്. ബോളിവുഡിലെ സ്വജനപക്ഷപാതം ചര്‍ച്ചയായപ്പോള്‍ കരണ്‍ ജോഹറിനെതിരെയടക്കം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു കങ്കണ റണൗട്. ആരെക്കാളും രാജ്യത്തെ മികച്ച നടി താൻ ആണെന്നും സ്വയം പുകഴ്‍ത്തിയതും താരത്തിനെതിരെ തിരിയാൻ പലരെയും പ്രേരിപ്പിച്ചു. അപ്പോഴും നടിയെന്ന നിലയില്‍ പ്രകടനത്താല്‍ താരം ഇഷ്‍ടം നേടിയിരുന്നു.

ബിജെപിയുടെ വക്താവെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ബോളിവുഡ് നടിക്കപ്പുറമുള്ള പ്രസ്‍താവനകള്‍ കങ്കണ റണൌട് നിരന്തരം പറഞ്ഞതോടെ വിമര്‍ശകരുടെയും എണ്ണം കൂടി. ദേശീയവാദി എന്ന നിലയിലായിരുന്നു ബോളിവുഡ് താരത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍. സ്വന്തം സംസ്ഥാനത്തെ ലോക്‍സഭാ മണ്ഡലത്തില്‍ തന്നെ മത്സരിക്കാൻ കങ്കണ റണൗടിന് ബിജെപി ടിക്കറ്റും നല്‍കി. മണ്ഡി മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായപ്പോഴും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ കങ്കണ റണൗടിന് കഴിഞ്ഞില്ല.

 ബോളിവുഡിനെതിരെ രൂക്ഷമായ പ്രസ്‍താവന നടത്തിയാണ് താരം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായത്. ബോളിവുഡ് ലോകം ഒരു നുണയാണെന്നും വ്യാജമാണ് എന്നും നടി കങ്കണ റണൗട് പറഞ്ഞത് ചര്‍ച്ചയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്നും കങ്കണ റണൗട് വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചനുള്ളതിന് തുല്യമായ ആദരവ് തനിക്കും ലഭിക്കുന്നുണ്ട് എന്ന് കങ്കണ റണൗട് പറഞ്ഞത് പരിഹാസത്തിനിടയാക്കി. ബീഫ് കഴിച്ചിരുന്നുവെന്ന് കങ്കണ റണൗട് പറഞ്ഞു എന്ന് പ്രചാരണത്തില്‍ വിജയ് വാഡേത്തിവാര്‍ ആരോപിച്ചതും ചര്‍ച്ചയായി. താനൊരു പ്രൗഡ് ഹിന്ദു ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ബീഫ് കഴിക്കാറില്ല എന്നും പറഞ്ഞ് താരം നയം വ്യക്തമാക്കി. 

ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രയുടെ മകൻ എതിരാളിയായ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് എത്തിയ താരം ഫലം പ്രഖ്യാപിക്കുമ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 74,755 വോട്ടുകള്‍ക്കാണ് ബോളിവുഡ് താരം കങ്കണ വിക്രമാദിത്യ സിംഗിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ അരങ്ങേറ്റം അനുസ്‍മരിപ്പിക്കുന്ന തരത്തിലായി താരത്തിന് തെരഞ്ഞെടുപ്പിലെയും വിജയം. മണ്ഡലത്തില്‍ നിറഞ്ഞുനിന്ന് പ്രചരണം നടത്തിയ താരം രാജ്യത്തിന്റെ ശ്രദ്ധ ഹിമാചലിലേക്ക് ആകര്‍ഷിക്കുകയും ചെയ്‍തു.

പ്രധാനമന്ത്രി മോദിയുടെ അടക്കം പിന്തുണയോടെയാണ് താരം രാഷ്‍ട്രീയത്തിലേക്കെത്തിയത്. അതിനാല്‍ ആ പരിഗണനയും തമിഴ് സിനിമയില്‍ ജയലളിതയായി തലൈവിയിലൂടെ എത്തിയ താരത്തിന് രാഷ്‍ട്രീയ ലോകത്തും ലഭിച്ചേക്കും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയായ എമര്‍ജൻസിയാണ് കങ്കണ നായികയായി പ്രദര്‍ശനത്തിനെത്താനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നതും ഇന്ദിരാഗാന്ധിയായി എമര്‍ജൻസി ചിത്രത്തില്‍ വേഷമിടുന്നതും നടി കങ്കണ റണൌടാണ്.

Read More: തീപാറും പോരാട്ടം! നിറംമങ്ങി എൻഡിഎ, ആറ്റിങ്ങലിൽ റീകൗണ്ടിങ്, തൃശൂർ സുരേഷ് ഗോപിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios