കൊവിഡ് ആശങ്കയേറുന്നു; മഹാരാഷ്ട്രയിൽ ലോക്ഡൗൺ തുടരും; ഹൈദരാബാദിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും
രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
മുംബൈ: കൊവിഡ് ആശങ്കയേറുന്ന സഹാചര്യത്തില്‍ മഹാരാഷ്ട്രയിലെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജൂൺ 30 ന് ശേഷവും ലോക് ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, അടുത്ത മാസം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും എന്നാണ് ഉദ്ദവ് താക്കറെ സൂചന നല്‍കി. അതേസമയം, ഹൈദരാബാദിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾക്കുള്ള ഗാന്ധി ഹോസ്‌പിറ്റല്‍ പരിധി 15 ദിവസത്തേക്ക് അടച്ചിടാൻ ആലോചിക്കുകയാണെന്നും രണ്ട് ദിവസത്തിനകം ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. രാജ്യത്തെ ആകെ കൊവിഡ് ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും രോഗികളും മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഉള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 19,906 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധ ഇത്യാദമായിട്ടാണ് ഇരുപതിനായിരത്തിന് അടുത്തെത്തുന്നത്.
ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ദില്ലിയിൽ എൺപതിനായിരം കടന്നു. തമിഴ്നാട്ടിൽ മരണസംഖ്യ ആയിരം കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 60.06 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ന് പതിനാറായിരം കടന്നു. 24 മണിക്കൂറിനിടയിൽ 410 പേർ കൂടി മരിച്ചതോടെ ആകെ മരണം 16,095 ആയി. 5,28,859 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥികീരിച്ചത്.