ലോക്ക്ഡൗൺ; നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽ നിന്ന് ആഭ്യന്തര വിമാനയാത്ര ഒഴിവാക്കി
തിങ്കളാഴ്ച മുതൽ വിമാനസർവ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം.
ദില്ലി: ലോക്ക്ഡൗണിലെ നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽ നിന്ന് ആഭ്യന്തര വിമാനയാത്ര ഒഴിവാക്കി. തിങ്കളാഴ്ച മുതൽ വിമാനസർവ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം.
രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഇന്ന് അറിയിച്ചത്. സർവ്വീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്. യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.
35 ശതമാനം വിമാന സർവീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സർവ്വീസുകൾ എപ്പോൾ തുടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ല
സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർച്ച് അവസാനത്തോടെയാണ് ആഭ്യന്തര വിമാനസർവ്വീസുകൾ നിർത്തി വച്ചത്.