ബിഹാറിൽ കോൺഗ്രസ്‌ എംഎൽഎയുടെ കാറിൽ നിന്ന് വിദേശ മദ്യം പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

ബക്സറില് നിന്നുള്ള കോൺഗ്രസ്‌ എംഎൽഎയായ സഞ്ജയ്‌ കുമാർ തിവാരിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് പൊലീസ് 8 ബോട്ടിൽ വിദേശമദ്യം പിടികൂടിയത്

Liquor Seized From Buxar Sadar Congress MLA Sanjay Kumar Tiwari car

ബക്‌സര്‍: ബിഹാറിൽ കോൺഗ്രസ്‌ എംഎൽഎ സഞ്ജയ്‌ കുമാർ തിവാരിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് വിദേശ മദ്യം പിടികൂടി. സംസ്ഥാനത്ത് സമ്പൂർണ മദ്യ നിരോധനം നിലനിൽക്കെയാണ് മദ്യം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ അനുയായികളായ നാല് പേരെ അറസ്റ്റ് ചെയ്‌തു. എന്നാല്‍ ഔദ്യോഗിക വാഹനത്തിൽ മദ്യം കടത്തിയത് തന്റെ അറിവോടെയല്ലെന്ന് എംഎൽഎ പ്രതികരിച്ചു.

ബക്സറില് നിന്നുള്ള കോൺഗ്രസ്‌ എംഎൽഎയായ സഞ്ജയ്‌ കുമാർ തിവാരിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് പൊലീസ് 8 ബോട്ടിൽ വിദേശമദ്യം പിടികൂടിയത്. ബക്സറിലെ സിറി എന്ന സ്ഥലത്ത് ബുധനാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടെ കാറിൽ നിന്ന് മദ്യം പിടികൂടുകയായിരുന്നു. വിദേശ മദ്യവുമായി ഒരു കാർ വരുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ചാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പിടികൂടിയതിന് ശേഷമാണ് ഇത് എംഎൽഎയുടെ ഔദ്യോഗിക വാഹനമാണെന്ന് തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നാല് അനുയായികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ താൻ കാർ വിട്ടുനൽകിയത് ജഗദീഷ്‌പൂരിൽ റേഷൻ വിതരണം നടത്താൻ വേണ്ടിയാണെന്നാണ് സഞ്ജയ്‌ കുമാർ തിവാരി നൽകുന്ന വിശദീകരണം. ജഗദീഷ്‌പൂരിൽ നിന്ന് അകലെയുള്ള സിറിയിൽ കാർ എത്തിയത് എങ്ങിനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.കാറില്‍ നിന്ന് മദ്യം പിടിച്ചതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാരിനോട് അദേഹം ആവശ്യപ്പെട്ടു.

2016ലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ സമ്പൂർണ മദ്യ നിരോധനം കൊണ്ടുവന്നത്. കോടതി ഇടപെട്ട് നിരോധനം നീക്കിയെങ്കിലും ഭേദഗതികളോടെ 2018ൽ സർക്കാർ വീണ്ടും സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കി. നിരോധനം ലംഘിക്കുന്നവർക്ക് കനത്ത പിഴയും തടവുമാണ് ബിഹാറിൽ നൽകുന്നത്. 

പെയിന്‍റില്‍ ഉപയോഗിക്കുന്ന രാസവസ്‌തു ലഹരിക്ക് വേണ്ടി കുടിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് മരണം

Latest Videos
Follow Us:
Download App:
  • android
  • ios