ലിഫ്റ്റിലേക്ക് കയറുന്നതിനിടെ വാതിലുകൾ അടഞ്ഞ് മുകളിലേക്ക് നീങ്ങിത്തുടങ്ങി; ഭിത്തിയിൽ ചെന്നിടിച്ച് ദാരുണാന്ത്യം

ലിഫ്റ്റിന്റെ വാതിൽ അടയാൻ തുടങ്ങിയപ്പോഴാണ് ലക്ഷ്മൺ അകത്തേക്ക് കയറിയത്. എന്നാൽ ലിഫ്റ്റ് ഡോർ പകുതി അടഞ്ഞ നിലയിൽ മുകളിലേക്ക് ഉയർന്നു

Lift started moving door opened half way and man crushed between wall and lift leading to tragic death

ബംഗളുരു: ലിഫ്റ്റിലേക്ക് കയറുന്നതിനിടെ വാതിലുകൾ അടഞ്ഞ് മുകളിലേക്ക് ഉയർന്നതുമൂലമുണ്ടായ അപകടത്തിൽ 52കാരന് ദാരുണാന്ത്യം. ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങിയ നിലയിൽ  മുകളിലേക്ക് ഉയർന്ന് ഭിത്തിയിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ബംഗളുരുവിലായിരുന്നു അപകടം. 

റിച്ച്മണ്ട് റോഡിലെ എച്ച്ജെഎസ് ചേംബേഴ്സിലാണ് അപകടമുണ്ടായത്. ഇവിടെ പ്രവർത്തിച്ചിരുന്ന എംപി സ്വർണ മഹൽ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ലക്ഷ്മൺ എന്നയാളാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ കഴിഞ്ഞ 26 വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്ന് ഒന്നാം നിലയിലേക്ക് പോവുകയായിരുന്നു ലക്ഷ്മൺ.

ആദ്യം ഒരു സ്ത്രീയും പുരുഷനും ലിഫ്റ്റിലുണ്ടായിരുന്നു. ഡോറുകൾ അടയാൻ തുടങ്ങവെയാണ് ലക്ഷ്മൺ അകത്തേക്ക് കയറിയത്. എന്നാൽ ഡോർ പാതി അടഞ്ഞ നിലയിൽ തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങി. ഡോറുകൾക്കിടയിൽ കുടുങ്ങിപ്പോയ ലക്ഷ്മണിന്റെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിനകത്തും ബാക്കി പകുതി പുറത്തുമായിരുന്നു. നിലവിളിക്കാൻ തുടങ്ങിയപ്പോഴേക്കും ലിഫ്റ്റ് ഉയർന്ന് മുകളിലെ ഷാഫ്റ്റ് ഭിത്തിക്കിടയിൽ അദ്ദേഹം ഞെരിഞ്ഞു. ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഭയാനകമായ ഈ രംഗം കണ്ട് നിലവിളിച്ചു. ഇത് കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്. 

ഒന്നാം നിലയിൽ ലിഫ്റ്റ് നിന്നെങ്കിലും ഡോറുകൾ ജാമായിരുന്നതിനാൽ തുറക്കാൻ സാധിച്ചില്ല. അഗ്നിശമന സേനയും തൊട്ടടുത്ത ആശുപത്രിയിൽ നിന്നുള്ള ഡോക്ടറുമൊക്കെ സ്ഥലത്തെത്തി. ലിഫ്റ്റിനകത്തുള്ളവരുമായി സംസാരിക്കാൻ ശ്രമിക്കുകയും ഓക്സിജൻ നൽകുകയും ചെയ്തു. അകത്തുണ്ടായിരുന്ന സ്ത്രീ ഇതിനോടകം കുഴഞ്ഞുവീണു. ഗ്യാസ് വെൽഡർ ഉപയോഗിച്ചാണ് അഗ്നിശമന സേനാ അംഗങ്ങൾ വാതിൽ തകർത്ത് അകത്ത് കടന്നത്. ഇതിന് ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്തു. പിന്നാലെ ലക്ഷ്മണിനെ മല്യ റോഡിലെ വൈദേഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. 

മരണപ്പെട്ട ലക്ഷ്മണിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബം നൽകിയ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. കെട്ടിട ഉടമയെയും മെയിന്റനൻസ് മാനേജറെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios