ബാബ സിദ്ധിഖി കൊലപാതകം ക്വട്ടേഷനെന്ന് പൊലീസ്, പിന്നിൽ ലോറന്‍സ് ബിഷ്ണോയി; സല്‍മാന്‍ ഖാന്‍റെ വീടിന് സുരക്ഷ കൂട്ടി
കൊലപാതകം നടത്തിയ രണ്ടുപേരെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനെന്ന് ഉറപ്പിച്ചത്. ഇവര്‍ക്ക് അമ്പതിനായിരം രൂപ വീതം മുന്‍കൂര്‍ ലഭിച്ചുവെന്നതിന്‍റെ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
മുംബൈ : മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷനെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘാഗങ്ങളെന്ന് അറസ്റ്റിലായ മൂന്നു പ്രതികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടുതല്‍ പ്രതികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് അന്വേഷണം നാലു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.
കൊലപാതകം നടത്തിയ രണ്ടുപേരെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനെന്ന് ഉറപ്പിച്ചത്. ഇവര്‍ക്ക് അമ്പതിനായിരം രൂപ വീതം മുന്‍കൂര്‍ ലഭിച്ചുവെന്നതിന്‍റെ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രണ്ടുമാസമായി ബാബാ സിദ്ധിഖിയെ നിരീക്ഷിച്ചിരുന്നുവെന്നും തോക്ക് ലഭിച്ചത് മുന്ന് ദിവസം മുമ്പെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. മൂന്നാമനെ പിടികൂടി ചോദ്യം ചെയ്യപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം.
പ്രതികള്‍ കുര്‍ള്ളയില്‍ 14000 രൂപ മാസ വാടകയില്‍ ഒരുമാസമായി കഴിയുകയായിരുന്നു സംഘം. നാലു പേര്‍ അവിടെ താമസിച്ചിരുന്നുവെന്നാണ് ഉടമ പൊലിസിനെ അറിയിച്ചത്. കൊലപാതകം നടക്കുമ്പോള്‍ പ്രദേശത്ത് കൂടുതല്‍ പേര്‍ സഹായിക്കാനായി ഉണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തു നിന്നും ലഭിക്കാവുന്ന സിസിടിവി ദൃശ്യങ്ങളോക്കെ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷണം തുടങ്ങി.
ഹരിയാന ഉത്തർപ്രദേശ് സ്വദേശികളായ പ്രതികള്‍ പരിചയപ്പെടുന്നത് പഞ്ചാബില്‍ ജയിലില്‍ കഴിയവേയാണ്. പ്രതികളുടെ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസ് ഇരു സംസ്ഥാനങ്ങളോടും ആവശ്യപെട്ടു. തോക്ക് എവിടെ നിന്നെന്ന് ലഭിച്ചുവെന്ന് കണ്ടെത്താന്‍ ഗുജറാത്ത് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചു. മുംബൈ ക്രൈംബ്രാഞ്ചിലെ 15 സംഘങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുന്നത്.
ASIANET NEWS BIG EXCLUSIVE : മാസപ്പടി കേസിൽ നിർണായക നടപടി, മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തു
വലിയ സുരക്ഷയുണ്ടായിരുന്ന ബാബ സിദ്ധിഖി മരിച്ചത് ഞെട്ടലോടെയാണ് രാഷ്ട്രീയ സിനിമാ വ്യവസായ ലോകം ഉള്‍കോണ്ടത്. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സല്‍മാന്‍ ഖാന്‍റെ അടുത്ത സുഹുത്താണ് ബാബാ സിദ്ധിഖി. കൊലപാതകം ലോറന്‍സ് ബിഷ്ണോയി എങ്കില്‍ സല്‍മാന്‍ ഖാനെ ഭീക്ഷണിപെടുത്താനാണോയെന്ന സംശയം പൊലീസിനുണ്ട്. നടന്‍റെ വീടിന് സുരക്ഷ ശക്താക്കി. ബാബാസിദ്ധിക്കിയുടെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാത്രി 8 മണിക്ക് നടക്കും.