165 കുടിയേറ്റ തൊഴിലാളികള്‍ക്ക് വീട്ടിലെത്താന്‍ വിമാനം വാടകക്കെടുത്ത് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന
തൊഴിലാളികള്‍ക്ക് നാട്ടിലെത്താനായി വിമാനം വാടകക്കെടുത്ത് നല്‍കിയ സംഘടനയുടെ നടപടിയെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മുംബൈ: മുംബൈയില്‍ കുടുങ്ങിക്കിടന്ന 165 കുടിയേറ്റ തൊഴിലാളികള്‍ക്കും അഞ്ച് കുട്ടികള്‍ക്കും നാട്ടിലെത്താന്‍ പ്രത്യേക വിമാന സൗകര്യമൊരുക്കി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന. ജാര്‍ഖണ്ഡ് സ്വദേശികള്‍ക്കാണ് ബെംഗളൂരു കേന്ദ്രമാക്കി നിയമ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ വിമാന സൗകര്യമൊരുക്കിയത്. മുംബൈയില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെട്ട വിമാനം 8.25ന് റാഞ്ചിയിലെത്തി.
നാഷണല്‍ ലോ സ്‌കൂള്‍ അലുംനി അസോസിയേഷന്‍ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 എയര്‍ ഏഷ്യ വിമാനം വാടകക്കെടുക്കുകയായിരുന്നു. ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെയാണ് വിമാന സര്‍വീസിന് ഇവര്‍ പണം സ്വരൂപിച്ചത്. റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവളത്തിലെത്തിയ തൊഴിലാളികളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു. വിമാത്താവളം അധികൃതര്‍ ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.
തൊഴിലാളികള്‍ക്ക് നാട്ടിലെത്താനായി വിമാനം വാടകക്കെടുത്ത് നല്‍കിയ സംഘടനയുടെ നടപടിയെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും നിരവധി പേരുടെ പിന്തുണയും സഹായവും കൊണ്ടാണ് ഇക്കാര്യം സാധ്യമായതെന്നും സംഘടനയുടെ ഭാരവാഹിയും ദൗത്യത്തിന് നേതൃത്വം നല്‍കിയതുമായ ഷെയ്ല്‍ ട്രെഹാന്‍ പറഞ്ഞു. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് രാജ്യത്ത് ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ വീട്ടിലെത്തിച്ച സംഘടനയോട് തൊഴിലാളികളും നന്ദി അറിയിച്ചു.