Asianet News MalayalamAsianet News Malayalam

നിരോധനാജ്ഞ രണ്ടാഴ്ച പിന്നിടുന്നു; ലക്ഷദ്വീപിൽ ഭരണകൂട ഭീകരതയെന്ന് എംപി, ഹൈക്കോടതിയെ സമീപിക്കും 

ലക്ഷദ്വീപ് ജനത എന്തിനെയാണോ ഭയന്നത് അത് ദ്വീപിൽ സംഭവിച്ചെന്ന് എം പി മുഹമ്മദ് ഫൈസൽ ചൂണ്ടികാട്ടി

lakshadweep mp Mohammed Faizal will approach high court against 144
Author
Kochi, First Published Mar 31, 2022, 10:03 PM IST | Last Updated Mar 31, 2022, 10:03 PM IST

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ (Mohammed Faizal) ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പത്ത് ദ്വീപുകളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവികാരം അടിച്ചമർത്താനുള്ള മാർഗമായി 144 ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ഫൈസൽ കൊച്ചിയിൽ  മാധ്യമങ്ങളോട് പറഞ്ഞു.

ലക്ഷദ്വീപ് എം പിയുടെ കുറിപ്പ് പൂർണരൂപത്തിൽ

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിൽ ഭരണകൂട ഭീകരതയാണ് നടക്കുന്നത്. ലക്ഷദ്വീപ് ജനത എന്തിനെയാണോ ഭയന്നത് അത് ദ്വീപിൽ സംഭവിച്ചു. ജനവാസ മേഖലയിൽ ഉൾപ്പെടെ 52 ലക്ഷം മീറ്റർ ഭൂമി ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേഷൻ നോട്ടിഫിക്കേഷൻ ഇറക്കിയത് നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ്. എട്ടോളം ഘട്ടങ്ങൾ കഴിഞ്ഞു മാത്രമേ സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കഴിയൂ. എന്നാൽ യാതൊരു  മാനദണ്ഡവുമില്ലാതെ ഭൂമി ഏറ്റെടുക്കാനാണ് ദ്വീപ് ഭരണകൂടം ശ്രമിക്കുന്നത്. അതംഗീകരിക്കാൻ കഴിയില്ല. വിവിധ വികസന പദ്ധതികൾക്കും ടൂറിസം വികസനത്തിനും കൈമാറാൻ എന്ന പേരിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് ടൂറിസം പദ്ധതികൾക്ക് കൈമാറുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ ഇക്കഴിഞ്ഞ മാർച്ച് 21 ന് ദ്വീപ് ജനത ബഹുജന മുന്നേറ്റ റാലി പ്രഖ്യാപിച്ചിരുന്നെങ്കിലും ദ്വീപ് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ രണ്ടാഴ്ചയായി പത്ത് ദ്വീപുകളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവികാരം അടിച്ചമർത്താനുള്ള മാർഗമായി 144 ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ഫൈസൽ കൊച്ചിയിൽ  മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും ദ്വീപ് ഭരണകൂടം നിഷേധിക്കുകയാണ്. ലക്ഷദ്വീപിനെ സാമ്പത്തികമായി തകർക്കാനാണ് അഡ്മിനിസ്‌ട്രേറ്റർ  ശ്രമിക്കുന്നത്.2400 ഓളം താത്കാലിക തസ്തികകൾ  നിർത്തലാക്കി.ഇവർക്ക് പകരം തൊഴിലവസരങ്ങൾ  നൽകിയിട്ടുമില്ല.രണ്ടരക്കോടി രൂപ ഇവർക്ക് ശമ്പളമായി ലഭിച്ചിരുന്നു. തസ്തികകൾ നിർത്തലാക്കിയതോടെ ജോലിയും കൂലിയുമില്ലാത്ത അവസ്‌ഥയാണ്‌. ദ്വീപ് ജനതയ്ക്ക് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും നിർത്തലാക്കി. 

വിദ്യാർഥികളുടെ പരീക്ഷ പോലും മാറ്റി വച്ചാണ് കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്റർ നാണം കെട്ട നാടകം കളിച്ചതെന്ന് എം പി ആരോപിച്ചു. ഐ.ഒ സി പ്ലാന്റ് ഉദ്‌ഘാടന ചടങ്ങിൽ എം പി എന്ന നിലയിൽ താനും   പങ്കെടുത്തിരുന്നു.എന്നാൽ ആ പരിപാടിയോടൊപ്പം രഹസ്യമായി അഡ്മിനിസ്ട്രേറ്റർ ഔട്ട് റീച്ച് പ്രോഗ്രാം കൂടി തിരുകിക്കയറ്റി ദ്വീപ് ജനത തന്നോടൊപ്പമാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ ഇതിനോട് സഹകരിക്കാനാവില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷം താനും ജനങ്ങളും അഡ്മിനിസ്ട്രേറ്ററുടെ പരിപാടി ബഹിഷ്കരിക്കുകയാണ് ചെയ്തത്. അഡ്മിനിസ്ട്രേറ്ററുടെ പരിപാടിക്ക് ആളെ കൂട്ടാൻ  പരീക്ഷ പോലും മാറ്റിവച്ച് കുട്ടികളെയും സർക്കാർ ഉദ്യോഗസ്‌ഥരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കുകയാണ്. ദ്വീപ് ജനതയ്ക്ക്  ഒരു മാനുഷിക പരിഗണനയും അഡ്മിനിസ്ട്രേറ്റർ നൽകുന്നില്ല. 

അഡ്മിനിസ്ട്രേറ്ററുടെ തോന്ന്യാസം ഇനി അനുവദിക്കില്ലെന്നും ദ്വീപ് ജനത ഒന്നിച്ചെതിർക്കുമെന്നും അതിന്റെ തുടക്കമാണ് ദ്വീപിലെ കഴിഞ്ഞ ദിവസം ഉണ്ടായതെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. കേരളത്തിലെ എം പി മാരുടെ കൂടി പിന്തുണയോടെ പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഫൈസൽ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios