'ഞങ്ങളെന്താ മൃഗങ്ങളാണോ?' വെള്ളമില്ല, ആഹാരമില്ല, യുപിയിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ പ്രതിഷേധം
''ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടേ ?'' ആശുപത്രിയക്ക് പുറത്തുവന്ന് പ്രതിഷേധിക്കുന്ന രോഗികളിലൊരാള്‍ ഉച്ചത്തില്‍ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
ലക്നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കൊവിഡ് 19 രോഗികള്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കൊവിഡ് രോഗികള്‍ പ്രതിഷേധിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
പ്രയാഗ്‍രാജിലെ കൊത്വ ബാനി മേഖലയിലെ എല്‍ 1 കാറ്റഗറിയില്‍പ്പെട്ട കൊവിഡ് ആശുപത്രിയിലാണ് രോഗികള്‍ പ്രതിഷേധിക്കുന്നത്. മൃഗങ്ങളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്ന് ഇവര്‍ പരാതി പറയുന്നുണ്ട്. രണ്ട് മണിക്കൂറോളം ആശുപത്രിയിലെ വെള്ളത്തിന്‍റെ ലഭ്യത നിലച്ചതോടെ വ്യാഴാഴ്ചയോടെയാണ് രോഗികള്‍ അക്രമാസക്തരായത്.
'' നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടേ ?'' ആശുപത്രിയക്ക് പുറത്തുവന്ന് പ്രതിഷേധിക്കുന്ന രോഗികളിലൊരാള്‍ ഉച്ചത്തില്‍ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
''നിങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടോ?'' വീഡിയോ എടുക്കുന്നയാള്‍ രോഗികളോട് ചോദിച്ചതോടെ എല്ലാവരും ഇല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇവിടെ കിട്ടുന്നതെല്ലാം പകുതി വെന്ത ആഹാരമാണെന്ന് പ്രായമായ ഒരാള്‍ ആക്രോശിച്ചു.
നല്ല സൗകര്യങ്ങള്‍ക്കായി പണം നല്‍കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. നിങ്ങള്‍ക്ക് പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഞങ്ങള്‍ ആശുപത്രി വിട്ട് വീട്ടില്‍പോകുമെന്ന് അധികൃതരോട് പറയൂ'' ഒരു സ്ത്രീ വിളിച്ച് പറഞ്ഞു.
ആശുപത്രിയില്‍ വെള്ളം ലഭിക്കാത്ത അവസ്ഥ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹരിച്ചുവെന്ന് പ്രയാഗ്‍രാജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ശുദ്ധജലം ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നു. അത് വൈദ്യുതിയുടെ പ്രശ്നമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ആശുപത്രികള്‍ക്കെതിരെ രോഗികള്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല. ആഗ്ര അടക്കമുള്ള ജില്ലകളില്‍നിന്നും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ലെവല്‍ 2, ലെവല്‍ 3 ആശുപത്രികളിലെ കൊവിഡ് 19 ഐസൊലേഷന്‍ വാര്‍ഡില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വലിച്ചു.