മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് കൊറോണയെ തുരത്താം; സ്വാതന്ത്ര്യദിന സന്ദേശവുമായി കൊറോണക്കാലത്തെ പട്ടങ്ങൾ
കൊവിഡ് ലക്ഷണങ്ങൾ എന്തൊക്കെയാണ്, മാസ്ക് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, സാനിട്ടൈസറിന്റെ ഉപയോഗം എന്നിവയാണ് പട്ടങ്ങളിൽ അച്ചടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി: പല നിറങ്ങളിലുള്ള പട്ടങ്ങൾ ആകാശത്ത് പറത്തിയാണ് രാജ്യത്തെ ജനങ്ങൾ എല്ലാ വർഷവും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് എല്ലാ വർഷം പട്ടം പറത്തുന്നത്. കൊറോണക്കാലത്തെ ഈ സ്വാതന്ത്ര്യ ദിനത്തിൽ പട്ടം പറത്തലിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ദില്ലി സ്വദേശിയായ പട്ടം വ്യാപാരി. കൊറോണ വൈറസിനെ തുരത്താനുള്ള മുൻകരുതൽ വാചകങ്ങൾ പട്ടങ്ങൾക്ക് മേൽ അച്ചടിച്ചിരിക്കുകയാണ് ഇദ്ദേഹം.
ബ്രിട്ടീഷുകാരെ തുരത്തിയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അതുപോലെ മുൻകരുതലെടുത്ത് കൊറോണ എന്ന മഹാമാരിയെയും തുരത്തണമെന്ന സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. പട്ടം നിർമ്മാതാവായ മുഹമ്മദ് തഖി എഎൻഐയോട് പറഞ്ഞു. അദ്ദേഹം നിർമ്മിക്കുന്ന പട്ടങ്ങൾ കുട്ടികൾക്കിടയിൽ വളരെയധികം പ്രശസ്തമാണ്. കൊവിഡ് ലക്ഷണങ്ങൾ എന്തൊക്കെയാണ്, മാസ്ക് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, സാനിട്ടൈസറിന്റെ ഉപയോഗം എന്നിവയാണ് പട്ടങ്ങളിൽ അച്ചടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 5000 പട്ടങ്ങളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ വ്യത്യസ്ത സന്ദേശങ്ങളുമായിട്ടാണ് പട്ടം വിറ്റിരുന്നത്. കൊവിഡ് 19 രോഗത്തെക്കുറിച്ച് ആളുകളിൽ ബോധവത്കരണം നടത്താൻ ആഗ്രഹിക്കുന്നതായും മുഹമ്മദ് തഖി പറഞ്ഞു. അതുപോലെ മറ്റൊരു കാര്യം കൂടി ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു. ചൈനീസ് നൂലുകൾ പട്ടത്തിൽ ഉപയോഗിക്കരുത്. മാഞ്ച എന്നറിയപ്പെടുന്ന ഈ നൂലുകൾ വളരെയധികം അപകടകാരികളാണ്. ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും പല തരത്തിൽ വിപണിയിലെത്തുന്നുണ്ട്. ഇവ വിൽക്കുന്ന കടകൾ പൊലീസ് നിരീക്ഷണത്തിലായിരിക്കും. കഴിഞ്ഞ വർഷം മാതാപിതാക്കൾക്കാപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന നാലുയവയസ്സുകാരി പെൺകുട്ടി നൂൽ കഴുത്തിൽ കുരുങ്ങി, കഴുത്ത് മുറിഞ്ഞ് മരിച്ചിരുന്നു.