Mullaperiyar Dam Issue| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയിൽ കേരളം
2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല ഇത്ര വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിൻ്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിൻ്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar dam) ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ (supreme court) ആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്തമാക്കി.
2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല ഇത്ര വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിൻ്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിൻ്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 139 അടിക്ക് ജലനിരപ്പ് നിലനിർത്തണമെന്നും 137 അടിക്ക് മുകളിലേക്ക് ജലനിരപ്പുയർത്തുന്നത് കേരളത്തിൽ ആശങ്കയുളവാക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി. ഇന്നലെ ചേർന്ന മേൽനോട്ടസമിതിയുടെ യോഗത്തിലും ഇതേക്കാര്യം കേരളം ഉന്നയിച്ചിരുന്നു.
ജലനിരപ്പ് കൂട്ടുന്നതിനെ മേൽനോട്ടസമിതി അനുകൂലിച്ച സാഹചര്യത്തിൽ വിശദമായ നോട്ടീസ് നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാളെ ഹർജി വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടേന്നും പ്രതികൂല കാലാവസ്ഥയില്ലാത്തതിനാൽ വസ്തുതകൾ പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അണക്കെട്ടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ പറഞ്ഞു.