സിന്ധു നദീതടവും ആദിദ്രാവിഡ സംസ്കാരവും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന സൂചനകളുമായി കീഴടിയിലെ പുരാവസ്തു ഗവേഷണം
സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
കീഴടി: സിന്ധുനദീതട സംസ്കാരത്തിന് തമിഴ്‍നാട്ടില്‍ ഒരു പിന്തുടര്‍ച്ച കണ്ടെത്തിയിക്കുകയാണ് തമിഴ്നാട്ടിലെ ശിവഗംഗയിലെ കീഴടിയില്‍. കീഴടിയില്‍ ഇപ്പോള്‍ നടക്കുന്ന ഖനനം ആദി ദ്രാവിഡ സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ തേടിയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്നത് സിന്ധു നദീതട സംസ്കാരമാണ് . പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിയ ആര്യന്മാരുടെ ആക്രമണത്തോടെയാണ് സംസ്കാരം ഇല്ലാതായതായി കരുതപ്പെടുന്നത്.
സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തമിഴ്‍നാട്ടിലെ വ്യാവസായിക മേഖലയായ കീഴടിയില്‍ തമിഴ് പുരാവസ്തു വകുപ്പ് ദ്രാവിഡ സംസ്കൃതിയുടെ ചരിത്രത്തെ പുനപരിശോധിക്കുന്ന ചില തെളിവുകള്‍ കണ്ടെത്തിയത്. സിന്ധു നദീതട സംസ്കൃതിയോളം പഴക്കമുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.
സിന്ധു നദീതട ലിപികളുമായി ഇവിടെ നിന്നും കണ്ടെത്തിയ ലിപികള്‍ക്ക് സിന്ധു നദീതട ലിപികളുമായി സാമ്യമുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. സിന്ധു നദീതട സംസ്‌കാരത്തിന്‍റെ ഭാഗമായി ലഭിച്ച ലിപികള്‍ക്കും കീഴടിയില്‍ നിന്ന് ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മിലുള്ള സാമ്യമാണ് ഇതിന് കാരണം.
ഇവ ദ്രാവിഡ ലിപികള്‍ ആയിരിക്കാമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം. ഈ സാമ്യത ഇരുസംസ്കാരങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവായി കരുതുന്നു. ആയിരത്തോളം അക്ഷരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ചില ലിപികള്‍ക്കാണ് ഇത്തരത്തില്‍ സാമ്യമെന്ന് തമിഴ്‌നാട് പുരാവസ്തു ഗവേഷക വിഭാഗം പറയുന്നു. എന്നാല്‍, സിന്ധു നദീതടത്തില്‍ നിന്ന് ലഭിച്ച ലിപികളെ പോലെ ഇവയും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു നദീതട ലിപികള്‍ക്ക് ഏതാണ്ട് 4500 വര്‍ഷത്തെ പഴക്കമാണ് പറയപ്പെടുന്നത്. ഇതാണ് ഇതുവരെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും പ്രാചീന ലിപി. കീഴടിയില്‍ നിന്ന് കണ്ടെത്തിയ ശേഷിപ്പുകള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷം പഴക്കം കണക്കാക്കുന്നു.
കീഴടിയില്‍ നിന്നും ലഭിച്ച ചില ചുവരെഴുത്തുകള്‍ സിന്ധു സംസ്‌കാരത്തിലെ ലിപികള്‍ക്കും ബ്രാഹ്മി ലിപികള്‍ക്കും ഇടയിലുള്ള കണ്ണിയാണെന്നാണെന്ന വാദവും ഉയരുന്നുണ്ട്. ഗംഗാ തീരത്തുണ്ടായിരുന്ന നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന സാധ്യതകളിലേക്കാണ് ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
കീഴടിയില്‍ നിന്ന് മൃഗങ്ങളുടേതായ 70 സാമ്പിളുകളും കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ നിന്ന് പശു, കാള, പോത്ത്, ചെമ്മരിയാട്, ആട്, നീലക്കാള, കൃഷ്ണമൃഗം, കാട്ടുപന്നി, മയില്‍ എന്നിവയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞു. ഈ വിവരങ്ങളില്‍ നിന്ന് ഇവയിലേതെങ്കിലും മൃഗങ്ങളെ കീഴടിയിലെ ജനങ്ങള്‍ കാര്‍ഷികവൃത്തിക്കായി പ്രയോജനപ്പെടുത്തിയിരിക്കാമെന്നാണ് കരുതുന്നത്. മറ്റുള്ളവയെ ഇറച്ചിക്കായും വളര്‍ത്തിയിരിക്കാമെന്നാണ് കരുതുന്നത്. കണ്ടെത്തിയ സാമ്പിളുകളിലെ മുറിപ്പാടുകളാണ് ഈ നിഗമനത്തിലെത്തിച്ചേരാന്‍ കാരണം.
പര്യവേക്ഷണത്തിന്‍റെ അഞ്ചാം ഘട്ടം ഈ വര്‍ഷം ജൂണിലാണ് ആരംഭിച്ചത്. അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും. കീഴടിക്ക് അടുത്തുള്ള കോണ്ടഹായി, അഗരം, മണലൂര്‍ എന്നിവിടങ്ങളിലും പര്യവേക്ഷണം വ്യാപിപ്പിക്കാന്‍ നീക്കമുണ്ട്. പഴയ മധുരയിലും ഇത്തരത്തില്‍ പര്യവേക്ഷണത്തിന് ശ്രമങ്ങള്‍ നടക്കുന്നു.