വിമാനത്തിൽ മധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടുക, അല്ലെങ്കിൽ സുരക്ഷയൊരുക്കുക: വ്യോമയാന മന്ത്രാലയം
വിമാനത്തിൽ മധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടുക, അല്ലെങ്കിൽ സുരക്ഷയൊരുക്കുക: വ്യോമയാന മന്ത്രാലയം
ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസ് നടത്തുമ്പോൾ അടുത്തടുത്ത സീറ്റുകളിൽ യാത്രക്കാരെ ഇരുത്തുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിലക്ക്. അടുത്തടുത്ത മൂന്ന് സീറ്റുകളിൽ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണം. ഇതിൽ യാത്ര അനുവദിക്കുന്നുണ്ടെങ്കിൽ മാസ്കും മുഖത്തെ ഷീൽഡും ഗൗണും നിർബന്ധമായും നൽകണം.
പരമാവധി യാത്രക്കാരെ മധ്യഭാഗത്തെ സീറ്റുകളിൽ ഇരുത്താൻ പാടില്ല. അതേസമയം ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് അടുത്തടുത്ത സീറ്റിലിരിക്കുന്നതിൽ പ്രശ്നമില്ല. മറ്റുള്ളവർക്ക് ഇളവ് കൊടുക്കരുത്. രാജ്യത്തെ ആഭ്യന്തര യാത്രകൾക്കാണ് ഈ നിർദ്ദേശം. മധ്യഭാഗത്തെ സീറ്റിലും യാത്രക്കാരെ അനുവദിക്കുന്നുണ്ടെങ്കിൽ അവർ മൂന്ന് പാളികളുള്ള മാസ്കാണ് ധരിക്കേണ്ടത്. ഫെയ്സ് മാസ്കും ഗൗണും വിമാനക്കമ്പനി നിർബന്ധമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചത്. ആഗസ്റ്റിന് മുൻപ് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നീക്കം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ മധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടാൻ സാധിക്കില്ലെന്നായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.