നാലുമാസം മഹാമാരിയ്‌ക്കെതിരെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
ഇന്ന് രാവിലെയാണ് ഡോ. മുഹമ്മദ് അഷ്‌റഫ് മിർ മരണത്തിന് കീഴടങ്ങിയത്.
ശ്രീനഗർ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. കശ്മീരിലെ ഡോ. മുഹമ്മദ് അഷ്‌റഫ് മിർ ആണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞ നാല് മാസമായി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ മുൻ നിരയിൽ നിന്നയാളാണ് അഷ്‌റഫ് എന്ന് അധികൃതർ പറയുന്നു.
അഷ്‌റഫിന്റെ സ്രവ സാമ്പിൾ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ശ്രീനഗറിലെ ഷേർ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിച്ചിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മുഹമ്മദ് അഷ്‌റഫിന്റെ മരണത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
നേരത്തെ, ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. ജാവേദ് അലിയും ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ജോഗീന്ദർ ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരുവരുടെയും കുടുംബത്തിന് ദില്ലി സർക്കാർ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.