യെദ്യൂരപ്പക്ക് ആശ്വാസം; പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി; ജൂൺ 17 ന് ഹാജരാകാൻ നിർദേശം
ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി.
ബെംഗളൂരു: പോക്സോ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് നേരിടുന്ന മുതിർന്ന നേതാവ് യെദിയൂരപ്പയ്ക്ക് ആശ്വാസം. അടുത്ത തിങ്കളാഴ്ച വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിന് മുമ്പാകെ നേരിട്ട് ഹാജരാകാമെന്നും നിലവിൽ ദില്ലിയിലാണെന്നും കാട്ടി യെദിയൂരപ്പ നൽകിയ ഹർജി പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലാണെന്നും തിങ്കളാഴ്ച ഹാജരാകാൻ തയ്യാറാണെന്നും യെദിയൂരപ്പ അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നേരത്തേ ഹാജരാകണമെന്ന് കാട്ടി അന്വേഷണസംഘം നൽകിയ രണ്ട് നോട്ടീസിനും യെദിയൂരപ്പ മറുപടി നൽകിയിരുന്നില്ല.
ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരിഗണിക്കുന്നത് എന്നതിനാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ യെദിയൂരപ്പയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നോട്ടീസിന് മറുപടി തരാത്തതിനാൽ അറസ്റ്റിന് അനുമതി വേണമെന്നും കാട്ടി അന്വേഷണസംഘം കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരി 2-ന് ഡോളേഴ്സ് കോളനിയിലെ വസതിയിൽ പരാതി നൽകാനായി അമ്മയ്ക്ക് ഒപ്പം എത്തിയ പതിനേഴുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്.