കർണാടകം നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദ പ്രചാരണ ദിവസവും ഹനുമാനെ വിടാതെ കോൺഗ്രസും ബിജെപിയും
ഹുബ്ബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാൻ ക്ഷേത്രത്തിലെത്തി ബിജെപി പ്രവർത്തകരോടൊപ്പം ഹനുമാൻ ചാലീസ ചൊല്ലി പ്രാർഥനകൾ നടത്തി.
ബെംഗളൂരു: കർണാടക നാളെ പോളിംഗ് ബൂത്തിലെത്താനിരിക്കേ, നിശബ്ദപ്രചാരണ ദിവസവും ഹനുമാനെ വിടാതെ ബിജെപിയും കോൺഗ്രസും. ഹുബ്ബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാൻ ക്ഷേത്രത്തിലെത്തി ബിജെപി പ്രവർത്തകരോടൊപ്പം ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥനകൾ നടത്തി. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറാകട്ടെ, ബെംഗളൂരു കെ ആർ മാർക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തിയും പൂജകൾ നടത്തി.
കർണാടകയില്‍ അവസാന ലാപ്പിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആവേശകരമായ കൊട്ടിക്കലാശം, ഒടുവിൽ നിശബ്ദ പ്രചാരണ ദിവസവും ബജ്‍രംഗദൾ നിരോധനവും ഹനുമാനും സജീവ പ്രചാരണ വിഷയമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇന്ന് രാവിലെ ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപി പ്രവർത്തകരോടൊപ്പം ക്ഷേത്രത്തിൽ പൂജകൾ നടത്തി, ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥിച്ചു. ബെംഗളുരു നഗരത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയുടെ നേതൃത്വത്തിൽ മുതിർന്ന ബിജെപി നേതാക്കൾ വിവിധ ഹനുമാൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പൂജകളടക്കം നടത്തി. ജയ് ശ്രീറാം വിളികളോടെയായിരുന്നു ബിജെപി നേതാക്കളുടെ ക്ഷേത്ര പര്യടനം.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും ഇന്ന് ബെംഗളുരുവിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തുന്നത് കണ്ടു. ഇന്ന് വൈകിട്ട് മൈസുരുവിലെത്തുന്ന ഡികെയും സിദ്ധരാമയ്യയും ചേർന്ന് ചാമുണ്ഡി ഹിൽസിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി പ്രാർഥിക്കും. ഇതിനിടെ ഡി കെ ശിവകുമാറിനെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് മല്ലികാർജുൻ ഖർഗെയ്ക്ക് താൻ എഴുതിയതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ രംഗത്തെത്തി. പരാജയഭീതി മൂലം ബിജെപി അവസാനഘട്ടത്തിൽ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു.
നിശ്ശബ്ദപ്രചാരണദിവസം മാനനഷ്ടക്കേസുകളുടെയും പരാതികളുടെയും ഘോഷയാത്രയായിരുന്നു കർണാടകത്തിൽ. 40% കമ്മീഷൻ സർക്കാരെന്ന ആരോപണത്തിന്‍റെ പേരിൽ കോൺഗ്രസിനെതിരെ ബിജെപിയും, ഹനുമാനടക്കമുള്ള ദൈവങ്ങളെയും മതചിഹ്നങ്ങളെയും ഉയർത്തിക്കാട്ടി പ്രചാരണം നടത്തിയെന്ന പേരിൽ ബിജെപിക്കെതിരെ കോൺഗ്രസും ആരോപണങ്ങളുന്നയിച്ചു. നേരത്തേ സ്വന്തം മണ്ഡലമായ ഷിഗാവിൽ പ്രചാരണം നടത്തവേ, ബിജെപിയുടെ വിജയമുറപ്പെന്ന പ്രതീക്ഷയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കുവച്ചത്. അതേസമയം, അവസാനദിവസം വീടുവീടാന്തരം കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. സംസ്ഥാനത്തെമ്പാടുമുള്ള അരലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അഞ്ചരക്കോടിയോളം വോട്ടർമാർ നാളെ കർണാടകത്തിൽ ജനവിധിയെഴുതാൻ പോളിംഗ് ബൂത്തുകളിലെത്തും.