പുതുവത്സരത്തിൽ ബസ് യാത്രക്കാർക്ക് ഇരുട്ടടി, ചാര്‍ജ് വർധിപ്പിച്ചത് 15 ശതമാനം, നിരക്കുയർത്തി കർണാടക സർക്കാർ
2015 ജനുവരി 10 ന് ഡീസൽ വില ലിറ്ററിന് 60.90 രൂപയായിരുന്നപ്പോഴാണ് സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസ് ചാർജുകൾ അവസാനമായി വർധിപ്പിച്ചതെന്ന് പാട്ടീൽ പറഞ്ഞു.
ബെംഗളൂരു: ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള ചെലവ് വർധിക്കുന്നത് ഉൾപ്പെടെ, പ്രവർത്തനച്ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നീ നാല് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസ് നിരക്ക് പരിഷ്കരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചുത്. നിരക്ക് വർധന ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015 ജനുവരി 10 ന് ഡീസൽ വില ലിറ്ററിന് 60.90 രൂപയായിരുന്നപ്പോഴാണ് സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസ് ചാർജുകൾ അവസാനമായി വർധിപ്പിച്ചതെന്ന് പാട്ടീൽ പറഞ്ഞു.
നാല് കോർപ്പറേഷനുകളുടെ പ്രതിദിന ഡീസൽ ഉപഭോഗം 10 വർഷം മുമ്പ് 9.16 കോടി രൂപയായിരുന്നത് ഇപ്പോൾ 13.21 കോടി രൂപയായി വർധിച്ചു. ഈ നാല് കോർപ്പറേഷനുകളിലെയും ജീവനക്കാർക്കുള്ള ചെലവ് പ്രതിദിനം 12.95 കോടി രൂപയായിരുന്നു. ഇപ്പോൾ പ്രതിദിനം 18.36 കോടി രൂപയായി. അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന 'ശക്തി' ഗ്യാരണ്ടി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 15 ശതമാനം വർദ്ധനവിന് ശേഷവും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ബസ് ചാർജ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.