കാർഗിൽ വിജയ സ്മരണയിൽ രാജ്യം; രാജ്യത്തിന് അഭിമാന ദിവസമെന്ന് മോദി
ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രിയും സൈനിക മേധാവിമാരും
ദില്ലി: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീരസൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് അഭിമാന ദിവസമാണ് കാർഗിലിൽ വിജയം കൈവരിച്ച ഈ ദിവസം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്നും മോദി ട്വിറ്ററിൽ കുറിച്ചു.
'ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയ് ദിവസ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി ധീരതയുടെ ഔന്നത്യം പ്രകടിപ്പിച്ച രാജ്യത്തെ എല്ലാ ധീരരായ പുത്രന്മാർക്കും എന്റെ സല്യൂട്ട്'...പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരെ അനുസ്മരിച്ചു. ദില്ലിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ രാജ്‍നാഥ് സിങ് പുഷ്പചക്രം അർപ്പിച്ചു.
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി, നാവിക സേനാ മേധാവി അഡ്‍മിറൽ ആർ.ഹരികുമാർ എന്നിവരും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
കാർഗിൽ വിജയ ദിവസം ആഘോഷിച്ച് രാജ്യം, സമാനകളില്ലാത്ത പോരാട്ട വീര്യത്തിന്റെ സ്മരണയിൽ ഇന്ത്യ
കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച് ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമകൾ നൽകുന്നതാണ് ഓരോ ഭാരതീയനും ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്.
ശത്രു സൈന്യത്തെയും പ്രതികൂല കാലാവസ്ഥയേയും തകർത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാർഗിലിലേത്.
72 ദിവസത്തോളം നീണ്ട പോരാട്ടത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാർ. 1999 ജൂലൈ 14ന് ഇന്ത്യ പാക്കിസ്ഥാന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്‍റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാർഗിലിലെ യുദ്ധവിജയം. ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ധീരസൈനികരുടെ ഓർമ പുതുക്കുകയാണ് രാജ്യം ഈ ദിവസം.