കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സമാജ് വാദി പാര്‍ട്ടിക്കൊപ്പം, രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നല്‍കി
മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് കപില്‍ സിബൽ പറഞ്ഞു. രാജ്യസഭയിൽ വേറിട്ട ശബ്ദമാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി.
ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തി രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുന്‍പാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടെന്ന സ്ഥിരീകരണം വരുന്നത്. കഴിഞ്ഞ പതിനാറിന് രാജിക്കത്ത് നല്‍കിയിരുന്നു.ഒരാഴ്ച പിന്നിടുമ്പോള്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മൂന്ന് സീറ്റുകളിലൊന്നില്‍ സ്വതന്ത്രനായാണ് സിബല്‍ മത്സരിക്കുന്നത്.കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനില്ലെന്നും രാജ്യസഭയില്‍ വേറിട്ട ശബ്ദമാകുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
നേതൃസ്ഥാനത്ത് നിന്ന ഗാന്ധി കുടുംബം മാറണമെന്നാവശ്യപ്പെട്ട ഗ്രൂപ്പ് 23ലെ തീവ്രനിലപാടുകാരനായിരുന്നു സിബല്‍. വാര്‍ത്തസമ്മേളനം വിളിച്ച് പോലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിരത്തോടെ ഗ്രൂപ്പ് 23ലെ ഒരു വിഭാഗം നേതൃത്വത്തോടടുത്തെങ്കിലും ശിബരത്തില്‍ നിന്ന് വിട്ട് നിന്ന് സിബല്‍ പ്രതിഷേധിച്ചു.ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിബല്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയത്. മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന കപില്‍ സിബല്‍ യുപിഎ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്‍റെ പാണ്ഡിത്യം കോണ്‍ഗ്രസിന്‍റെ നിയമ പോരാട്ടത്തിനും മുതല്‍ക്കൂട്ടായിരുന്നു.