ഭിക്ഷ യാചിച്ചെത്തിയ യുവതിയെ ജീവിത സഖിയാക്കി ഒരു ഡ്രൈവർ; ഇത് ലോക്ക്ഡൗൺ കാലത്തെ പ്രണയം
ദുരിതത്തിലായവരുടെ വിശപ്പടക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവർ തെരുവിലിറങ്ങി. അത്തരമൊരു കരുതലിൽ നിന്നാണ് ഡ്രൈവറായ അനിലും ലോക്ക്ഡൗണിൽ പട്ടിണിയാവാതിരിക്കാൻ ഭിക്ഷക്കാരിയായ നീലം എന്ന യുവതിയും കണ്ടുമുട്ടിയത്.
ലഖ്നൗ: കൊവിഡിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതം തന്നെ മാറിമറിഞ്ഞു. ലക്ഷക്കണക്കിന് പേർക്ക് ജോലി നഷ്ടമായി. ആഹാരവും പണവും ഇല്ലാതായതോടെ ആതിഥി തൊഴിലാളികൾ കാൽനടയായി സ്വന്തം നാടുകളിലേക്ക് പാലായനം ചെയ്യാൻ തുടങ്ങി. വിശപ്പും ദാഹവുമായി നടന്നെത്തിയവരെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങൾ കരുതി.
ദുരിതത്തിലായവരുടെ വിശപ്പടക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവർ തെരുവിലിറങ്ങി. അത്തരമൊരു കരുതലിൽ നിന്നാണ് ഡ്രൈവറായ അനിലും ലോക്ക്ഡൗണിൽ പട്ടിണിയാവാതിരിക്കാൻ ഭിക്ഷക്കാരിയായ നീലം എന്ന യുവതിയും കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടൽ പിന്നീട് പ്രണയത്തിലേക്കും നയിച്ചു.
തന്റെ മുതലാളിയുടെ നിർദ്ദേശപ്രകാരമാണ് കാൺപൂരിലെ കക്കഡോയിൽ ഭക്ഷണപ്പൊതികൾ നൽകാൻ അനിൽ എത്തിയത്. പെട്ടെന്നായിരുന്നു ഫുട്പാത്തിലിരുന്ന് ഭിക്ഷ യാചിക്കുന്ന നീലം, അനിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അവർക്ക് ഭക്ഷണം നൽകുകയും വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ദിവസവും ഇത്തരത്തിൽ ഭക്ഷണപ്പെതിയുമായി അനിൽ നീലത്തെ കാണാൻ എത്തുമായിരുന്നു.
ഒടുവിൽ നീലത്തെ ജീവിതത്തിലേക്ക് കൂട്ടാൻ അനിൽ തീരുമാനിച്ചു. സഹോദരനും കുടുംബവും തെരുവിലേക്ക് ഇറക്കി വിട്ട നീലത്തെയും കിടപ്പ് രോഗിയായി അമ്മയേയും അനിൽ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. കാൺപൂരിലെ ബുദ്ധാശ്രമത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.