അപകടത്തില്‍ മരിച്ച അമ്മയെ അവസാനമായി കാണാനുള്ള മകന്റെ യാത്രയ്ക്കിടെ വാഹനാപകടം; ഇരുവരുടെയും സംസ്കാരം ഒരുമിച്ച്
അമ്മയുടെയും മകന്റെയും അപ്രതീക്ഷിത വിയോഗം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ ഒരുമിച്ചാണ് നടത്തിയത്.
ഭോപ്പാല്‍: വെറും 12 മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ അമ്മയും മകനും മരിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു സംഭവം. രേവ ജില്ലയില്‍ താമസിച്ചിരുന്ന 55 വയസുകാരിയായ റാണി ദേവി ബൈക്ക് അപകടത്തിലാണ് മരിച്ചത്. മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായുള്ള യാത്രയ്ക്കിടെയാണ് റാണി ദേവിയുടെ ഇളയ മകന്‍ സൂരജ് സിങിന് (22) ജീവന്‍ നഷ്ടമായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് മരിച്ചതിന് ശേഷം മൂന്ന് ആണ്‍ മക്കളെയും മൂന്ന് പെണ്‍ മക്കളെയും റാണി ദേവി ഒറ്റയ്ക്കാണ് വളര്‍ത്തിയത്. ഇപ്പോള്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള തങ്ങളുടെ ഗ്രാമത്തില്‍ മൂത്ത മകന്‍ പ്രകാശിന്റെയും ഇളയ മകന്‍ സണ്ണിയുടെയും ഒപ്പമാണ് അവര്‍ താമസിച്ചു വന്നിരുന്നത്. രണ്ടാമത്തെ മകനായ സൂരജ് 830 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിലായിരുന്നു.
ബുധനാഴ്ച ഇളയ മകന്‍ സണ്ണിയോടൊപ്പം തന്റെ അമ്മയുടെ വീട്ടിലേക്ക് പോകവെ റാണി ദേവിയെയും മകനെയും ഒരു ബൈക്ക് ഇടിച്ചിട്ടു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയുള്ള ഡോക്ടര്‍മാര്‍ 80 കിലോമീറ്റര്‍ അകലെയുള്ള രേവയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. അവിടേക്കുള്ള വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സണ്ണിയ്ക്കും പരിക്കുകളുണ്ട്.
അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ സൂരജ് ഇന്‍ഡോറില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. സുഹൃത്തായ അഭിഷേക് സിങിനൊപ്പം അയാളുടെ കാറില്‍ ഒരു ഡ്രൈവറെയും കൂട്ടിയായിരുന്നു യാത്ര. ഗ്രാമത്തിന് ഏതാണ്ട് 100 കിലോമീറ്ററുകള്‍ അകലെവെച്ച് വാഹനം അപകടത്തില്‍പെട്ടു. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ സൂരജ് മരണപ്പെടുകയും മറ്റ് രണ്ട് പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ ഒരുമിച്ച് നടത്തി. അമ്മയുടെയും മകന്റെയും അപ്രതീക്ഷിത വിയോഗം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.