'അതവരുടെ പരിശീലനത്തിന്‍റെ ഭാഗമാണ്'; ഐഷി ഘോഷിനോട് പിണറായി പറഞ്ഞത്
എല്ലാം കേട്ട ശേഷം പോരാട്ടം തുടരണമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് ഐഷിയോടും കൂട്ടരോടും പിണറായി പറഞ്ഞത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പിണറായി വിജയനോട് ഐഷി നന്ദിയും പറഞ്ഞു
ദില്ലി: ''ഇരുമ്പ് വടി അവര്‍ തലയ്ക്ക് അടിക്കുകയായിരുന്നു...'' ജെഎന്‍യുവില്‍ ഗുണ്ടാവിളയാട്ടമുണ്ടായതിനെ കുറിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകര്‍കരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തല്ലിച്ചതച്ചതിനെ കുറിച്ചാണ് പിണറായി ഐഷിയോട് ചോദിച്ചത്.
ആക്രമണത്തെകുറിച്ച് പറഞ്ഞപ്പോള്‍ പിണറായിയുടെ മറുപടി ഇങ്ങനെ: '' അതവരുടെ പരിശീലനത്തിന്‍റെ ഭാഗമാണ്. തലയിലും കാലിലുമാണ് അടിക്കുന്നത്. തുടര്‍ന്ന് എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നായിരുന്നു മുഖ്യമന്ത്രിക്ക് ചോദിച്ചത്. 32 പേര്‍ക്കാണ് പരിക്കേറ്റതെന്ന് ഐഷിക്ക് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.
അധ്യാപകര്‍ക്കും പരിക്കുണ്ടെന്ന് പിണറായിയെ വിദ്യാര്‍ത്ഥികള്‍ ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം പോരാട്ടം തുടരണമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് ഐഷിയോടും കൂട്ടരോടും പിണറായി പറഞ്ഞത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പിണറായി വിജയനോട് ഐഷി നന്ദിയും പറഞ്ഞു. ജെഎൻയു ക്യാമ്പസിലെ മുഖം മൂടി സംഘത്തിന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് കൂടിക്കാഴ്ച നടത്തിയത്.
ദില്ലിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻനിര പോരാട്ടം നടത്തുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി പ്രതിനിധികളോട് വിശദീകരിച്ചു. കേരള പ്രതിനിധി എ. സമ്പത്ത്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ എന്നിവരും വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമുണ്ടായിരുന്നു.