എൻഡിഎ യോഗത്തിൽ ജയന്ത് ചൗധരിക്ക് വേദിയിൽ സീറ്റില്ല: വിവാദമാക്കി പ്രതിപക്ഷം, അനാവശ്യമെന്ന് ആര്‍എൽഡി

പ്രതിപക്ഷ പാര്‍ട്ടികൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ആര്‍എൽഡി പ്രതികരിച്ചു

Jayanth Chaudhary seat row Opposition party invites RLD back to INDIA front

ദില്ലി : എൻഡിഎ യോഗത്തിൽ രാഷ്ട്രീയ ലോക്‌ ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് വേദിയിൽ ഇരിപ്പിടം നൽകാത്തത് വിവാദമാക്കി പ്രതിപക്ഷ പാര്‍ട്ടികൾ. ഒരു സീറ്റ് നേടിയവർ പോലും മുൻ നിരയിൽ ഇരിക്കുമ്പോൾ ആര്‍എൽഡി അധ്യക്ഷനെ പിന്നിലിരുത്തി ബിജെപി അപമാനിച്ചുവെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആരോപിച്ചു. ജയന്ത് ചൗധരിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ ഇനിയും എൻഡിഎയിൽ തുടരരുതെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി രാജീവ് റായ് പ്രതികരിച്ചു. ഇന്ത്യ മുന്നണിയിലേക്ക് ജയന്ത് ചൗധരി തിരിച്ചു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷ പാര്‍ട്ടികൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ആര്‍എൽഡി പ്രതികരിച്ചു. എൻഡിഎയിൽ ഉറച്ചു നിൽക്കുമെന്നും അവര്‍ വ്യക്തമാക്കി. എൻഡിഎ യോഗത്തിൽ രണ്ടു സീറ്റുള്ള ജനസേന നേതാവ് പവൻ കല്യാണിന് സ്റ്റേജിലും, ഒരു സീറ്റുളള അപ്‌നാ ദൾ നേതാവ് അനുപ്രിയ പട്ടേലിന് മുൻ നിരയിലും ഇരിപ്പിടം ഉണ്ടായിരുന്നു. എന്നാൽ എംപിമാർക്ക് ഇടയിൽ പിന്നിലായിരുന്നു രണ്ട് എംപിമാരുള്ള ആര്‍എൽഡിയുടെ അധ്യക്ഷന് സീറ്റ് നൽകിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഇന്ത്യ സഖ്യം വിട്ട് ആര്‍എൽഡി പാര്‍ട്ടി എൻഡിഎയിൽ എത്തിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios