കൊൽക്കത്ത റിപ്പബ്ലിക് പരേഡിൽ താരമായി ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ മ്യൂൾ. സഞ്ജയ് എന്നാണ് ഈ റോബോട്ടിക് നായക്ക് പേരിട്ടിരിക്കുന്നത്. ഇതിനെ വിവിധ സൈനിക ഓപ്പറേഷനുകളിൽ ഉപയോ​ഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.  

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ താരമായി ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ മ്യൂൾ ( മൾട്ടി യൂറ്റിലിറ്റി ല​ഗ്ഡ് എക്യുപ്മെന്റ് ). സഞ്ജയ് എന്നാണ് ഈ റോബോട്ടിക് നായക്ക് പേരിട്ടിരിക്കുന്നത്. കുത്തനെയുള്ള കുന്നുകളും കോണിപ്പടികളും കയറാൻ കഴിയുന്ന ഈ റോബോട്ടിക് നായയെ വിവിധ സൈനിക ഓപ്പറേഷനുകളിൽ ഉപയോ​ഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കെമിക്കൽ-ബയോളജിക്കൽ-ന്യൂക്ലിയാർ യുദ്ധ മേഖലകളിലും വിവിധങ്ങളായ സുരക്ഷാ സാഹചര്യങ്ങളിലും ഈ റോബോട്ടിക് നായയെ ഉപയോ​ഗിക്കാൻ കഴിയും. 

റോബോട്ടിക് നായകൾക്ക് 15 കിലോ​ഗ്രാം വരെ പേലോഡ് വഹിക്കാനും 40 മുതൽ 55 ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയിൽ പ്രവർത്തിക്കാനും കഴിയും. കഠിനമായ തണുപ്പ് മുതൽ മരുഭൂമിയിലെ കൊടും ചൂട് വരെയുള്ള എല്ലാ ചുറ്റുപാടുകളിലും മ്യൂളുകൾക്ക് അതിജീവിക്കാൻ കഴിയും. ആധുനിക സൈനിക പ്രവർത്തനങ്ങളിൽ റോബോട്ടിക്സ് എത്രത്തോളം സ്വാധീനം വഹിക്കുന്നു എന്നതിന്റെ തെളിവാണ് റിപ്പബ്ലിക് പരേഡിലെ മ്യൂളിന്റെ സാന്നിധ്യം.

ഇത്തരം റോബോട്ടിക് നായ്ക്കളെ വിദൂരമായും സന്ദർഭങ്ങൾക്കനുസരിച്ച് തത്സമയ തീരുമാനങ്ങളെടുക്കുന്ന രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയും. ബോംബ് നിർവ്വീര്യമാക്കൽ പോലുള്ള ഉയർന്ന അപകട സാധ്യതയുള്ള സാഹചര്യങ്ങളിലും ഉപയോഗിക്കാം. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഉയർന്ന വേ​ഗതയിൽ സഞ്ചരിക്കാനും മറ്റുമായി ഏറ്റവും നൂതനമായ സെൻസറുകളും ക്യാമറകളും ആക്യുവേറ്ററുകളുമാണ് മ്യൂളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിരോധ മേഖല ശക്തിപ്പെടുന്നതിൽ ആധുനിക സാങ്കേതിക വിദ്യയെ രാജ്യം എത്രത്തോളം ഉപയോ​ഗപ്പെടുത്തുന്നു എന്നതിന്‍റെ തെളിവ് കൂടിയാണ് മ്യൂളിന്റെ പരേഡിലെ സാന്നിധ്യം. റിപ്പബ്ലിക് പരേഡിൽ റോബോട്ടിക് നായയെ പങ്കടുപ്പിക്കുന്നതിനായി ദിവസങ്ങൾക്ക് മുൻപ് തന്നെ പരിശീലനങ്ങൾ നടത്തിയിരുന്നു. ഇതുവരെ നൂറോളം റോബോട്ടിക് നായകളെ വിവിധ യൂണിറ്റുകളിലായി വിന്യസിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ആർമി അധികൃതർ അറിയിച്ചു.

read more: റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ന് രാവിലെ പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ് പതാക ഉയർത്തിയതോടെയാണ് കൊൽക്കത്തയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നായിബ് സുബേദാർ രജനീഷിന്റെ നേതൃത്വത്തിൽ പരേഡ് നടന്നു. മുഖ്യമന്ത്രി മമത ബാനർജി ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ്, പശ്ചിമ ബം​ഗാൾ പൊലിസ്, കൊൽക്കത്ത പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഗ്രൂപ്പ് എന്നിവരുടെ സംഘങ്ങളും പരേഡിൽ പങ്കെടുത്തു.