'ഇസ്രയേൽ ടൈം മെഷീൻ എത്തിക്കും, 60കാരനെ 25കാരനാക്കുന്ന ഓക്സിജൻ തെറാപ്പി'; പരാതിക്ക് പിന്നാലെ ദമ്പതികൾ ഒളിവിൽ
10 സെഷനുകൾക്കായി 6,000 രൂപയും മൂന്ന് വർഷത്തെ റിവാർഡ് സംവിധാനത്തിന് 90,000 രൂപയുമാണ് ഇവർ ഈടാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ അഞ്ജലി വിശ്വകർമ പറഞ്ഞു.
കാൺപൂർ: ഇസ്രയേൽ നിർമിത ടൈം മെഷീൻ വാഗ്ദാനം ചെയ്ത് ദമ്പതികൾ തട്ടിയത് കോടികൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഇസ്രായേൽ നിർമ്മിത ടൈം മെഷീൻ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡസൻ കണക്കിന് പ്രായമായവരെ കബളിപ്പിച്ച് 35 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. കാൺപൂർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയും കാൺപൂരിലെ കിദ്വായ് നഗർ ഏരിയയിലെ തെറാപ്പി സെൻ്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇസ്രായേലിൽ നിന്ന് യന്ത്രമെത്തിച്ച് 60 വയസ്സുകാരനെ 25 വയസ്സുകാരനാക്കി മാറ്റുകയും ഓക്സിജൻ തെറാപ്പി വഴി പ്രായമായവരെ യുവാക്കളാക്കമെന്ന് വാഗ്ദാനം നൽകുകയും ചെയ്താണ് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
മലിനമായ അന്തരീക്ഷം മൂലം ആളുകൾ അതിവേഗം പ്രായമാകുകയാണെന്നും 'ഓക്‌സിജൻ തെറാപ്പി' വഴി ഏതാനും മാസങ്ങൾക്കുള്ളിൽ ചെറുപ്പമാക്കുമെന്നും പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. 10 സെഷനുകൾക്കായി 6,000 രൂപയും മൂന്ന് വർഷത്തെ റിവാർഡ് സംവിധാനത്തിന് 90,000 രൂപയുമാണ് ഇവർ ഈടാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ അഞ്ജലി വിശ്വകർമ പറഞ്ഞു. 10.75 ലക്ഷം രൂപ വഞ്ചിച്ചെന്ന് കാണിച്ച് തട്ടിപ്പിന് ഇരയായവരിൽ ഒരാളായ രേണു സിംഗ് പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
Read More.... രാത്രി മുഴുവൻ ബെയ്‌റൂത്തിൽ വ്യോമാക്രമണം, ഇസ്രയേൽ ലക്ഷ്യം ബങ്കറിനുള്ളിലെ ഹിസ്ബുല്ല തലവൻ; 18 പേർ കൊല്ലപ്പെട്ടു
നൂറുകണക്കിന് ആളുകളിൽ നിന്ന് 35 കോടി രൂപ തട്ടിയെടുത്തതായും അവർ ആരോപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 318(4)(വഞ്ചന) പ്രകാരം പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.