മണിപ്പൂര്‍ സംഘര്‍ഷം; കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള

ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും  മണിപ്പൂരിലെ മുൻ സമരനായിക ഇറോം ഷർമിള ആവശ്യപ്പെട്ടു.

Irom sharmila  wants to investigate the allegation of BJP's involvement on Manipur Riot nbu

ബെംഗളൂരു: ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപം മണിപ്പൂരിന്‍റെ തെരുവുകളിൽ ആളിക്കത്തുമ്പോൾ, അഫ്സ്പയ്ക്കെതിരെ ഒരു കാലത്ത് മണിപ്പൂരിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സമരനായിക ഇറോം ഷർമിള ആശങ്കയോടെയാണ് സ്ഥിതി നോക്കിക്കാണുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇറോം ഷർമിള, കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ അത്യാവശ്യമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും  മണിപ്പൂരിലെ മുൻ സമരനായിക ഇറോം ഷർമിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു. മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂർ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേൻ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച് ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷർമിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേർതിരിവ് കാണിക്കരുതെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.

Also Read: തലസ്ഥാനം മാറ്റണോ? ഹൈബി ഈഡനെ തള്ളി ശശി തരൂർ, 'തലസ്ഥാനം നടുക്കാകണമെന്നില്ല'

മണിപ്പൂരിലുള്ള ആരെങ്കിലുമായി സംസാരിച്ചിരുന്നോ? താങ്കളുടെ കുടുംബം അവിടെയിപ്പോഴുമുണ്ടല്ലോ?

മെയ്തെയ് - കുക്കി വിഭാഗങ്ങളിൽ പെട്ടവരോടടക്കം നിരവധിപ്പേരോട് സംസാരിച്ചതിൽ നിന്ന് മനസ്സിലായത് മെയ്തെയ് വിഭാഗത്തിന് സംവരണം നൽകുന്നതിൽ ഉടനടി തീരുമാനമെടുക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ വിധിയാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ്. അദ്ദേഹത്തിന് ഇവിടത്തെ സ്ഥിതി അറിയില്ല. അദ്ദേഹം പുറത്തു നിന്നുള്ള ഒരാളാണ്. വനമേഖലകളിൽ താമസിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുക്കി വിഭാഗക്കാരെ പുറത്താക്കണമെന്ന ഹിന്ദു മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ വാശിയും പ്രശ്നം വഷളാക്കി. അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കണമായിരുന്നു. അദ്ദേഹം മണിപ്പൂർ മുഖ്യമന്ത്രിയാണ്. ഒരു വിഭാഗത്തിന്‍റെ മാത്രം മുഖ്യമന്ത്രിയല്ല. 

ഇപ്പോഴത്തെ ബിജെപി സർക്കാരിന്‍റെ കാലത്ത് വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ശത്രുത നിയന്ത്രിക്കാനാവാത്ത വിധം വളർന്നതായി തോന്നുന്നുണ്ടോ?

ഒരു വർഷം മുമ്പ് യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ബിജെപി സർക്കാരിന് മുന്നറിയിപ്പ് നൽകിയതാണ്. തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ സഹായം പറ്റിയവരാണ് ബിജെപി. കലാപ മുന്നറിയിപ്പ് നൽകിയ അവരുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിയുടെ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ചുരചന്ദ്പൂർ സന്ദർശിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന ആരോപണങ്ങൾ ഉണ്ട്. ഇതിൽ അന്വേഷണം വേണം. 

മണിപ്പൂരിനെ നന്നായി അറിയാം താങ്കൾക്ക്. എന്താണിതിനൊരു പരിഹാരം?

കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ ഈ വിഷയത്തിൽ അത്യാവശ്യമാണ്. വേർതിരിവില്ലാതെ ഒരേ രാജ്യത്തെ പൗരൻമാരായി എല്ലാവരെയും ഒരു പോലെ കണ്ട് ചർച്ചകൾ ഉണ്ടാകണം. 

സമരമുഖത്തുള്ള സ്ത്രീകളോട് എന്താണ് പറയാനുള്ളത്?

എന്ത് ചെയ്യണമെന്ന് അവരോട് ആഹ്വാനം ചെയ്യാൻ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ട്. സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ എനിക്കറിയാം. പക്ഷേ, ആയുധമെടുത്ത് സ്ത്രീകൾ തെരുവിലിറങ്ങരുതെന്നാണ് എന്‍റെ അഭ്യർഥന. സ്ത്രീകളെ ഭൂമിയുമായാണല്ലോ താരതമ്യം ചെയ്യാറ്. അവരെന്‍റെ പോലെ നിരാഹാരസമരത്തിന് ഇറങ്ങണമെന്ന് ഞാൻ പറയില്ല. പക്ഷേ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കാൻ സ്ത്രീകൾക്ക് കഴിയും. അവരത് ചെയ്യണം. 

Latest Videos
Follow Us:
Download App:
  • android
  • ios