നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ
എല്ലാം മതങ്ങളെയും ബഹുമാനിക്കാനാണ് തീരുമാനമെന്ന് ഇറാൻ.മതനിന്ദ നടത്തുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇന്ത്യ അറിയിച്ചതായി ഇറാന്‍റെ പ്രസ്താവന.വിഷയം ചര്‍ച്ചയായില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു
ദില്ലി;ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ. മതനിന്ദ നടത്തുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇന്ത്യ അറിയിച്ചതായി ഇറാൻറെ പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. അതിനു ശേഷമാണ് ഇത് ചർച്ച ആയില്ല എന്ന് വിദേശകാര്യവക്താവ് വിശദീകരിച്ചത്. ഇറാൻറെ പ്രസ്താവന വൈകിട്ട് വിദേശകാര്യമന്ത്രാലയത്തിൻറെ സൈറ്റിൽ നിന്ന് പിൻവലിച്ചു. എന്നാൽ ഇറാൻ സർക്കാരിനറെ ഔഗ്യോഗിക വെബ്സൈറ്റിൽ ഈ പ്രസ്താവന ആവർത്തിച്ചു.
മന്ത്രി ഹൂസൈൻ അമിർ അബ്ദുല്ലഹിയാൻറെ ട്വീറ്റിലും ഇന്ത്യയുമായി ഇക്കാര്യം ചർച്ച ചെയ്തു എന്നറിയിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് രണ്ടു രാജ്യങ്ങളുടയും നിലപാടെന്നും ഇറാൻ വിദേശകാര്യമന്ത്രി പറയുന്നു. ബിജെപി നേതാക്കളുടെ പരാമർശം ഇന്ത്യയുടെ നിലപാടല്ല എന്ന് വിദേശകാര്യ വക്താവ് ഇന്നലെ വിശദീകരിച്ചിരുന്നു. വിദേശകാര്യരംഗത്ത് വൻ തിരിച്ചടിയായ സാഹചര്യത്തിൽ വിഷയം തണുപ്പിക്കാനുള്ള നീക്കം സർക്കാർ തുടരുകയാണ്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിനിടെ 30 ആയി ഉയർന്നു.
'നബിവിരുദ്ധ പരാമർശം ചര്‍ച്ചയായില്ല' ഇറാൻറെ പ്രസ്താവന തള്ളി ഇന്ത്യ
നബിവിരുദ്ധ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാൻറെ പ്രസ്താവന തള്ളി ഇന്ത്യ. നുപൂർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ നബി വിരുദ്ധ പ്രസ്താവന ഇറാനുമായി ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. ഇന്നലെ ഇന്ത്യയുമായുള്ള ചർച്ചകളിൽ വിദേശകാര്യമന്ത്രി ഇക്കാര്യം ഉന്നയിച്ചതായി ഇറാൻ പ്രസ്താവന ഇറക്കിയിരുന്നു. മറ്റുള്ളവർക്ക് താക്കീതാകുന്ന തരത്തിലുള്ള നടപടി സ്വീകരിക്കും എന്ന് ഇന്ത്യ അറിയിച്ചതായും ഇറാൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഈ വാർത്താക്കുറിപ്പ് ഇറാൻ പിന്നീട് പിൻവലിച്ചു. അനൗപചാരികമായി സംസാരിച്ച കാര്യം ഉൾപ്പെടുത്തിയതിൽ ഇന്ത്യ അതൃപ്തി അറിയിച്ചതായാണ് സൂചന. എന്നാൽ പല രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ടെന്ന് വിദേശകാര്യവക്താവ് സമ്മതിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന പ്രചാരണം കെട്ടടങ്ങുന്നു എന്നാണ് വിദേശകാര്യമന്ത്രാലയത്തിനറെ വിലയിരുത്തൽ. നുപുർ ശർമ്മയ്ക്കും നവീൻകുമാർ ജിൻഡാലിനുമെതിരെ ദില്ലി പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. ശിവലിംഗത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാധ്യമപ്രവർത്തക സബാ നഖ്വിയ്ക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപിച്ച് അസദുദ്ദീൻ ഒവൈസിക്കെതിരെയും ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
അതിർത്തികളിലെ ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി കമാൻഡർ തല ചർച്ച ഉടൻ ഉണ്ടാകും. ഇതിന് തീയതി നിശ്ചയിച്ചിട്ടില്ല. അമേരിക്കൻ ജനറലിന്റെ പരാമർശം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ആയതിനാൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
സമാധാനത്തിന് കോട്ടം വരുത്തി; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസ്
ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കേതിരെ വീണ്ടും കേസ്. ദില്ലി സൈബർ ക്രൈം പൊലീസാണ് ഇവർക്കെതിരെ പുതിയ കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിച്ചതിനും ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുതിയത്തിനുമാണ് കേസ്. വിദ്വേഷ പരാമർശം നടത്തിയ നവീൻ കുമാർ ജിൻഡലിനെതിരേയും ദില്ലി സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ശദാബ് ചൗഹാൻ, സാബ നഖ്വി, മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, ഗുൽസാർ അൻസാരി, അനിൽ കുമാർ മീണ എന്നിവരുടെ പേരുകളും എഫ് ഐ ആറിൽ ഉണ്ടെന്നാണ് വാർത്താ ഏജൻസി നൽകുന്ന വിവരം.
'ഒരു മതത്തെയും വിമർശിക്കരുത്, പാർട്ടി പറയുന്നവർ മാത്രം ചർച്ചകളിൽ പങ്കെടുക്കുക'; വക്താക്കളോട് ബിജെപി