'ആ ഐഫോൺ പ്രതിഷ്ഠയ്ക്ക് വേണ്ട', അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണ ഐഫോൺ ഉടമയ്ക്ക് നൽകുമെന്ന് ദേവസ്വം മന്ത്രി
വിനായകപുരം സ്വദേശിയായ ദിനേശിന് ക്ഷേത്ര ഭണ്ഡാരത്തിൽ നഷ്ടമായ ഐഫോൺ തിരികെ കിട്ടും. നടപടി ആരംഭിച്ചതായി ദേവസ്വം മന്ത്രി
ചെന്നൈ: നേർച്ചയിടുന്നതിനിടെ അബദ്ധത്തിൽ ക്ഷേത്ര ഭണ്ഡാരത്തിൽ വീണ ഐഫോൺ യുവാവിന് തിരികെ നൽകുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർബാബു. യുവാവിന് ഫോൺ തിരികെ നൽകാനുള്ള നടപടി ആരംഭിച്ചതായാണ് മന്ത്രി ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലെ നേർച്ചപ്പെട്ടിയിൽ വിനായകപുരം സ്വദേശിയായ ദിനേശിന്റെ കയ്യിൽ നിന്നാണ് ഐഫോൺ അബദ്ധത്തിൽ വീണത്.
ഫോൺ തിരികെ നൽകണമെന്ന ആവശ്യവുമായി സമീപിച്ച യുവാവിനോട് ഭണ്ഡാരത്തിൽ വീഴുന്ന എന്തും പ്രതിഷ്ഠയ്ക്ക് സ്വന്തമാണെന്ന നിലപാടായിരുന്നു ക്ഷേത്ര അധികാരികൾ സ്വീകരിച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രത്തിന്റെ എക്സിക്യുട്ടീവ് ഓഫീസറായ കുമാരവേൽ ഫോൺ യുവാവിന് തിരികെ നൽകാനായി അനുമതി തേടിയതായും മന്ത്രി വിശദമാക്കി. നേരത്തെ ആചാരത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ഐ ഫോൺ തിരികെ നൽകാൻ ക്ഷേത്ര അധികൃതർ മടിച്ചത്.
ഷാർട്ടിന്റെ പോക്കറ്റിൽ വച്ചിരുന്ന ഫോൺ പണം എടുക്കുന്നതിനിടയിൽ നേർച്ചപ്പെട്ടിയിലേക്ക് വീഴുകയായിരുന്നു. നഷ്ടമായ അന്ന് തന്നെ അധികൃതരുമായി വിവരം സംസാരിച്ചിരുന്നെങ്കിലും ഇതിനായി നേർച്ചപ്പെട്ടി തുറക്കാനാവില്ലെന്നും തുറക്കുന്ന സമയത്ത് വിഷയം പരിഗണിക്കാമെന്നും അധികൃതർ വിശദമാക്കി. എന്നാൽ ഭണ്ഡാരം തുറന്ന സമയത്ത് അധികൃതർ ഐഫോൺ തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നു.
ഫോൺ തിരികെ വേണമെന്ന് യുവാവ് ആവശ്യം ആവർത്തിച്ചതോടെ അധികൃതർ സിം തിരികെ നൽകുകയും ഫോണിലെ ഡാറ്റ ശേഖരിക്കാൻ യുവാവിനെ അനുവദിക്കുകയുമായിരുന്നു. എന്നാൽ ഇതിനോടകം മറ്റൊരു സിം യുവാവ് എടുത്തതിനാൽ ഫോണിനൊപ്പം സിം കാർഡും ക്ഷേത്ര അധികാരികൾക്ക് നൽകിയാണ് യുവാവ് മടങ്ങിയത്. നേർച്ചപ്പെട്ടി ഇരുമ്പ് വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതിനാൽ ഫോൺ എങ്ങനെ അബദ്ധത്തിൽ വീഴുമെന്നായിരുന്നു അധികൃതർ യുവാവിനോട് ചോദിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം