3800 രൂപ അടയ്‌ക്കൂ, നിങ്ങളുടെ സ്ഥലത്ത് മൊബൈല്‍ ടവറും പ്രതിമാസം 45000 രൂപയും 40 ലക്ഷം അഡ്വാന്‍സും?
ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രോയിയുടെ പേരിലുള്ള ഒരു കത്താണ് പ്രചരിക്കുന്നത്
ദില്ലി: സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണിത്. ഏതാണ് ശരി, തെറ്റ് എന്ന് കൃത്യമായി മനസിലാക്കാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല. അതിനാല്‍ തന്നെ എന്തെങ്കിലുമൊരു സന്ദേശം കിട്ടിയാലുടനെ അത് മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുകയാണ് നമ്മില്‍ പലരുടെയും രീതി. ഇതുപോലെ നമുക്ക് ലഭിക്കുകയും ഏറെപ്പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തൊരു സന്ദേശത്തിന്‍റെ വസ്‌തുത ഞെട്ടിക്കുന്നതാണ്.
പ്രചാരണം
ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രോയിയുടെ പേരിലുള്ള ഒരു കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിങ്ങളും സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്താണ് ഇത്. എയര്‍ടെല്ലിന്‍റെ 4ജി ടവറാണ് സ്ഥാപിക്കുക എന്ന് ഇതില്‍ പറയുന്നു. എയര്‍ടെല്‍ നേരിട്ടല്ല, ഒരു കരാര്‍ കമ്പനിയാണ് ടവര്‍ സ്ഥാപിക്കുക. ടവര്‍ സ്ഥാപിക്കാന്‍ മറ്റ് പ്രോസസ് ഒന്നും ചെയ്യേണ്ടതില്ല എന്നും കത്തില്‍ പറയുന്നു. ടവര്‍ സ്ഥാപിക്കാനായി 3800 രൂപ അടച്ചാല്‍ 45000 രൂപ പ്രതിമാസം വാടക ലഭിക്കുമെന്നും അഡ്വാന്‍സായി 40 ലക്ഷം രൂപ കൈപ്പറ്റാമെന്നും കത്തില്‍ വിവരം നല്‍കിയിട്ടുണ്ട്.
വസ്‌തുത
എന്നാല്‍ ഈ കത്ത് വ്യാജമാണ് എന്നും ഇത്തരം കത്തുകള്‍ ട്രായ് ഒരിക്കലും പുറത്തിറക്കാറില്ല എന്നും പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം പൊതുജനങ്ങളെ അറിയിച്ചു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ പേരില്‍ മുമ്പും ഇത്തരം കത്തുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇത്തര തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്ന് ട്രായ് മുമ്പ് വ്യക്തമാക്കിയിരുന്നു.
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിനെ കുറിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മുമ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് പ്രതിമാസ വാടക നൽകുമെന്ന് വാഗ്‌ദാനം ചെയ്യുന്ന കമ്പനികൾ/ഏജൻസികൾ/വ്യക്തികൾ എന്നിവരിൽ നിന്ന് അകലം പാലിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്.
Read more: ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ചുള്ള ഇരുത്തം; മിച്ചല്‍ മാര്‍ഷിനെതിരെ യുപിയില്‍ എഫ്ഐആര്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം