അര ഡസൻ ബൗൺസർമാരുമായി മാളിലെത്തി 'ഷോ', ഇൻസ്റ്റ താരത്തിനെതിരെ നടപടി, റോഡിൽ നോട്ട് എറിഞ്ഞതുൾപ്പെടെ വേറെയും കേസുകൾ
നേരത്തെ സ്യൂട്ട് കെയ്സ് നിറയെ നോട്ടുകളുമായി ബൈക്കിൽ യാത്ര ചെയ്ത് നോട്ടുകൾ വാരിയെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ടയാളാണ് ഇപ്പോൾ അടുത്ത കേസിൽ പെടുന്നത്.
ഹൈദരാബാദ്: പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്ന പരാതിയിൽ ഇൻസ്റ്റ താരത്തിനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ്. ആറ് ബൗൺസർമാരെയും കൂട്ടി ഒരു പ്രമുഖ ഷോപ്പിങ് മാളിൽ കയറിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിലാണ് നടപടി. നേരത്തെയും അറസ്റ്റിലായിട്ടുള്ള സോഷ്യൽ മീഡിയ താരം കുറപതി വംശിയാണ് വീണ്ടും വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിച്ചത്.
ഡിസംബർ 31നാണ് ഇയാൾക്കെതിരെ പുതിയ പരാതി ലഭിച്ചത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ അനലിസ്റ്റായ എൻ ശ്രീകാന്ത് നായിക്, ഹൈദരാബാദിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആറ് ബൗൺസർമാരുമായി തിരക്കേറിയ ഷോപ്പിങ് മാളിൽ കയറിയ വീഡിയോയാണ് ഇപ്പോഴത്തെ പരാതിക്ക് ആധാരം. ഇവരിൽ ഒരാൾ ഒരു സ്യൂട്ട്‍കെയ്സും കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.
നേരത്തെ റോഡിലൂടെ കറൻസി നോട്ടുകൾ വലിച്ചെറിയുന്ന വീഡിയോയുടെ പേരിൽ ഇയാൾ വിമർശിക്കപ്പെട്ടിരുന്നു. ബൈക്കിൽ ഒരു പെട്ടി നിറയെ നോട്ടുകളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു ഇത്. നാട്ടുകാർ നോട്ടുകൾ പെറുക്കിയെടുക്കാൻ ബൈക്കിന് പിന്നാലെ ഓടുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ പൊതുസമൂഹത്തിൽ വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും പിന്നാലെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇപ്പോൾ മാളിലെ പ്രകടത്തിന്റ പേരിൽ അടുത്ത കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം