ഇൻഡോർ കൂട്ട ബലാത്സംഗക്കേസ്; സമൂഹത്തിനാകെ നാണക്കേടെന്ന് രാഹുൽ ഗാന്ധി, ബിജെപി സർക്കാരിന് വിമർശനം
നിലവിൽ രണ്ട് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും നാല് പേരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ദില്ലി: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവം സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളുടെ ധൈര്യം ഭരണപരാജയത്തെയും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ പെൺമക്കളുടെ സ്വാതന്ത്ര്യത്തെയും അഭിലാഷങ്ങളെയും തടയുകയാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
"മധ്യപ്രദേശിൽ രണ്ട് സൈനികർക്ക് നേരെയുണ്ടായ ആക്രമണവും അവരുടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം സമൂഹത്തെ മുഴുവൻ നാണം കെടുത്തുന്ന ഒന്നാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം പൂർണമായി തകർന്ന നിലയിലാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനുദിനം വർധിക്കുന്നതിനോട് ബിജെപി സർക്കാർ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്". രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
രണ്ട് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ഇൻഡോറിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയെ ഒരു സംഘം സായുധരായ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘം ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് വനിത സുഹൃത്തുക്കളിൽ ഒരാളെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ആർമി വാർ കോളേജിൽ പരിശീലനം നടത്തുന്ന രണ്ട് മേജർ റാങ്ക് ഉദ്യോഗസ്ഥർ ഇവരുടെ വനിതാ സുഹൃത്തുക്കൾക്കൊപ്പം പിക്നിക്കിന് പോയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ജാം ഗേറ്റ് ഏരിയയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. അക്രമി സംഘത്തിൽ 6-7 പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
തോക്കുകളും കത്തികളും വടികളുമായി സൈനികരുടെ കാറിനെ അക്രമി സംഘം വളയുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ഇവരുടെ പേഴ്‌സുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഒരു സൈനികനെയും വനിത സുഹൃത്തിനെയും അക്രമികൾ ബന്ദികളാക്കി. തുടർന്ന് ഇവരെ വിട്ടയക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ തുക സംഘടിപ്പിക്കാനായി ഇവരുടെ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥനെയും വനിത സുഹൃത്തിനെയും അക്രമികൾ വിട്ടയക്കുകയും ചെയ്തു. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
അക്രമികൾ വിട്ടയച്ച ഉദ്യോഗസ്ഥൻ ഈ സംഭവം തന്റെ കമാൻഡിംഗ് ഓഫീസറെ അറിയിച്ചു. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വൈകാതെ തന്നെ നാല് പേരെയും വൈദ്യപരിശോധനയ്‌ക്കായി മൊവ് സിവിൽ ആശുപത്രിയിൽ എത്തിച്ചു. സൈനികർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളിൽ ഒരാളെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്തതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി.
കവർച്ച, ബലാത്സംഗം, ആയുധ നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന് കണ്ടെത്തി. ബാക്കിയുള്ള പ്രതികളെ പിടികൂടാനായി പത്ത് ടീമുകൾ രൂപീകരിക്കുകയും ചെയ്തു. അക്രമി സംഘത്തിലെ നാല് പേരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.