കൊവിഡ് പോരാളികൾക്കൊപ്പം; നഴ്സുമാർക്കും ഡോക്ടർമാർക്കും ടിക്കറ്റിന് 25 ശതമാനം ഡിസ്കൗണ്ടുമായി ഇൻഡിഗോ
ജൂലൈ ഒന്നുവരെ 785 വിമാന സർവിസുകളിലായി 71,471 പേർ മാത്രമാണ് യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ദില്ലി: വിമാന ടിക്കറ്റ് നിരക്കിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഡിസ്കൗണ്ടുമായി ഇൻഡിഗോ. കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
യാത്ര ചെയ്യുമ്പോൾ നഴ്സുമാരും ഡോക്ടർമാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കരുതണമെന്ന് ഇൻഡിയോ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇൻഡിഗോയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇളവ്. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ ഇളവ് നൽകും.
ലോക്ക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായത് വിമാനകമ്പനികളെ വൻതോതിൽ വലക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ 785 വിമാന സർവിസുകളിലായി 71,471 പേർ മാത്രമാണ് യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതായത് ശരാശരി ഒരു വിമാനയാത്രയിൽ 91 യാത്രക്കാർ മാത്രം.