ആശ്വാസം: ഇന്ന് കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെ, രണ്ട് മാസത്തിലിതാദ്യം
പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,03,702 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ലക്ഷത്തിൽ താഴെയായി. പുതുതായി 86,498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2123 പേരുടെ മരണമാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,03,702 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona