യുട്യൂബ് വീഡിയോ കണ്ട് റഷ്യയിലെത്തി, ജോലി യുദ്ധമുഖത്ത്; ഇന്ത്യക്കാരൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
യുട്യൂബ് വീഡിയോ കണ്ടാണ് സൂറത്ത് സ്വദേശി റഷ്യയില്‍ സെക്യൂരിറ്റി ജോലിക്ക് വേണ്ടി അപേക്ഷിച്ചത്. ജോലി ഉറപ്പാണെന്ന വിവരം ലഭിച്ചതോടെ യുവാവ് ചെന്നൈ വഴി മോസ്‌കോയിലെത്തി.
ദില്ലി: യുക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ സൈന്യത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരണം. ഗുജറാത്ത് സൂറത്ത് സ്വദേശിയായ 23കാരന്‍ ഹാമില്‍ മംഗുകിയ എന്ന യുവാവ് ആണ് മരിച്ചത്.
ഫെബ്രുവരി 23നാണ് യുവാവിന്റെ മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹെമിലിനൊപ്പമുള്ള ഹൈദരാബാദ് സ്വദേശിയായ ഇമ്രാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് 23ന് വൈകുന്നേരം ആറു മണിക്ക് മരണവിവരം അറിയിച്ചത്. യുദ്ധമേഖലയില്‍ ഒരു മിസൈല്‍ ആക്രമണത്തില്‍ മരിച്ചെന്നായിരുന്നു സന്ദേശം. ഫെബ്രുവരി 21നാണ് ഹാമില്‍ മരിച്ചതെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് 20ന് ഹെമില്‍ പിതാവുമായി സംസാരിച്ചിരുന്നു. താന്‍ സുഖമായിരിക്കുന്നുവെന്നാണ് ഹെമില്‍ പിതാവിനോട് പറഞ്ഞത്. യുദ്ധമേഖലയിലാണ് ജോലിയെന്ന് പറഞ്ഞിരുന്നില്ല. സൈന്യത്തിന്റെ സഹായിയായാണ് ജോലി ചെയ്യുന്നതെന്നുമാണ് യുവാവ് പറഞ്ഞതെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
യുട്യൂബ് വീഡിയോ കണ്ടാണ് സൂറത്ത് സ്വദേശി റഷ്യയില്‍ സെക്യൂരിറ്റി ജോലിക്ക് വേണ്ടി അപേക്ഷിച്ചത്. ജോലി ഉറപ്പാണെന്ന വിവരം ലഭിച്ചതോടെ യുവാവ് ചെന്നൈ വഴി മോസ്‌കോയിലെത്തി. തുടര്‍ന്ന് റഷ്യന്‍ സൈന്യത്തില്‍ സഹായിയായി റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.
ജോലി തേടി റഷ്യയിലെത്തിയ 12ഓളം ഇന്ത്യക്കാര്‍ റഷ്യയിലെ യുദ്ധമേഖലയില്‍ കുടുങ്ങിയതായി സ്ഥിരീകരണമുണ്ടായിരുന്നു. ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിവരം റഷ്യന്‍ അധികാരികളുമായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ സഹായികളായി ജോലിക്ക് എത്തിയവരെ യുക്രൈന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന് ഇവരില്‍ ചിലര്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ബാബാ ബ്ലോഗ്‌സ് എന്ന പേരില്‍ യൂട്യൂബില്‍ വ്‌ളോഗ് ചെയ്യുന്ന ഫൈസല്‍ ഖാന്‍ വഴിയാണ് ഇവര്‍ ജോലിക്ക് അപേക്ഷിച്ചത്. റഷ്യയിലെത്തിയ ഇവര്‍ക്ക് കിട്ടിയത് ആയുധ പരിശീലനമാണ്. പിന്നാലെ യുദ്ധമുഖത്തേക്ക് പോകാന്‍ നിര്‍ദേശം കിട്ടി. ഇതോടെയാണ് ഇവര്‍ നാട്ടിലേക്ക് സന്ദേശമയച്ചത്. റഷ്യയില്‍ സെക്യൂരിറ്റി ജോലിക്ക് വന്നതാണെന്നും യുദ്ധത്തില്‍ പങ്കെടുക്കാനല്ല വന്നതെന്നും എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണമെന്നുമാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്‌സാന്‍ പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ പറഞ്ഞത്. ഇത് പോലെ 11 യുവാക്കള്‍ കൂടി ഹാര്‍കീവ്, ഡോണെട്‌സ്‌ക് എന്നിങ്ങനെ പല മേഖലകളിലായി കുടുങ്ങി. തെലങ്കാനയില്‍ നിന്നും കശ്മീരില്‍ നിന്നും രണ്ട് പേരും, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേരും, യുപിയില്‍ നിന്നും ഒരാളുമായി നിലവില്‍ കുടുങ്ങി കിടക്കുന്നതെന്നാണ് വിവരങ്ങള്‍.
പാഞ്ഞെത്തിയത് ആറ് ആംബുലന്‍സുകള്‍; ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്നത് വ്യാജ സന്ദേശം