സുഡാൻ രക്ഷാ ദൗത്യം: തയ്യാറാകാൻ വ്യോമ-നാവിക സേനകൾക്ക് നിർദ്ദേശം, കടൽമാർഗം ഒഴിപ്പിക്കലിന് ഊന്നൽ
കടൽമാർഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാർഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.
ദില്ലി : സുഡാൻ ദൗത്യത്തിന് തയ്യാറായി നില്ക്കാൻ ഇന്ത്യൻ വ്യോമ- നാവിക സേനകൾക്ക് നിർദ്ദേശം. വിമാനത്താവളങ്ങൾ തകർന്നതിനാൽ കടൽമാർഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാർഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.
കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിരുന്നു. സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി ഇപ്പോഴത്തെ സങ്കീർണ സാഹചര്യം കണക്കിലെടുത്തുള്ള രക്ഷാദൗത്യ പദ്ധതി തയ്യാറാക്കാനാണ് യോഗത്തില്‍ നിര്‍ദേശിച്ചത്. മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്ക്. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി സമ്പകർക്കം നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
സുഡാനില്‍ മലയാളിയായ ആല്‍ബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യമന്ത്രിക്ക് പുറമെ വ്യോമ-നാവികസേന മേധാവിമാർ സുഡാന്‍ അംബാസിഡർ ഉള്‍പ്പെടയുള്ള നയതന്ത്രപ്രതിനിധികള്‍ എന്നിവരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. രക്ഷാദൗത്യത്തിനായി അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കുന്നുണ്ട്. സുഡാൻ ആഭ്യന്തര കലാപത്തില്‍ ഒറ്റപ്പെട്ടു പോയ മലയാളികള്‍ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് ദില്ലിയിലെ കേരളഹൗസില്‍ തുടങ്ങിയിട്ടുണ്ട്.
എന്നാൽ ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ സൈന്യവും പാരാ മിലിട്ടറി വിഭാഗവും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ലോകരാജ്യങ്ങളുടെ അഭ്യർത്ഥന കണക്കിലെടുത്ത് ഇന്നലെ ഇരു വിഭാഗവും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു ശേഷവും തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പെടെ ഇരു വിഭാഗവും പരസ്പരം വെടിയുതിർത്തു. ഇതോടെ അമേരിക്കയും ജപ്പാനും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ച എംബസി ഒഴിപ്പിക്കൽ അനിശ്ചിതത്വത്തിലായി. തങ്ങളുടെ ഒരു പൗരൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5 സന്നദ്ധ സംഘടനാ പ്രവർത്തകരും കഴിഞ്ഞ ദിവസം സുഡാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാനൂറ് കടന്നിട്ടുണ്ട്.