അത്രയും വളര്‍ന്നിട്ട് തന്നെയാണ് ഇന്ത്യ തലയുയർത്തി നിൽക്കുന്നത്! അതിര്‍ത്തികള്‍ക്ക് അപ്പുറവും താണ്ടുന്ന കരുത്ത്

സ്ട്രിംഗ്സ് ഓഫ് പേള്‍സ് എന്ന പേരില്‍ സൈനിക കേന്ദ്രങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ സ്ഥാപിച്ച് ഇന്ത്യയെ വലയം ചെയ്യുകയാണ് ചൈന.  ചൈനയിലെ ഹൈനാന്‍ ദ്വീപ് മുതല്‍ ആഫ്രിക്കയിലെ പോര്‍ട്ട് ഓഫ് സുഡാന്‍ വരെയുള്ള  പ്രദേശത്ത് ഓരോ രാജ്യങ്ങളില്‍ ചൈന സ്വാധീനം ഉറപ്പിക്കുന്നു.

Indian military bases abroad dealing all enemies including china btb

ലോക ശക്തിയായ ഇന്ത്യക്ക് നമ്മുടെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്ത് സൈനിക താവളങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അത് എത്രയെണ്ണമാണ്, എവിടെയൊക്കയാണ് ഉള്ളത്, മറ്റൊരു രാജ്യത്ത് ഇന്ത്യ സ്ഥാപിക്കുന്ന സൈനിക താവളങ്ങള്‍ എത്രത്തോളം തന്ത്ര പ്രധാനമാണ്. വലിയ ഭീഷണികള്‍ ഉയരുന്ന കാലത്ത് ഇന്ത്യയെ കാക്കുന്ന സൈനിക താവളങ്ങളെ കുറിച്ച് അറിയാം. 

സ്ട്രിംഗ്സ് ഓഫ് പേള്‍സ് എന്ന പേരില്‍ സൈനിക കേന്ദ്രങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ സ്ഥാപിച്ച് ഇന്ത്യയെ വലയം ചെയ്യുകയാണ് ചൈന.  ചൈനയിലെ ഹൈനാന്‍ ദ്വീപ് മുതല്‍ ആഫ്രിക്കയിലെ പോര്‍ട്ട് ഓഫ് സുഡാന്‍ വരെയുള്ള  പ്രദേശത്ത് ഓരോ രാജ്യങ്ങളില്‍ ചൈന സ്വാധീനം ഉറപ്പിക്കുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗ്, ശ്രീലങ്കയിലെ ഹമ്പന്‍തൊട്ട തുറമുഖം , മാലി ദ്വീപ്, പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം എന്നിവിടങ്ങളിലെ ചൈനീസ് സ്വാധീനം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇത് കടലിലൂടെയുള്ള നീക്കമാണെങ്കില്‍ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയിലൂടെ ചൈന കരയിലൂടയും സൈനിക വ്യാപാര കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനൊക്കെ മറുപടിയായി ഇന്ത്യയും നീക്കങ്ങള്‍ നടത്തുന്നുണ്ട്.

വലിപ്പവും അടിസ്ഥാന സൗകര്യങ്ങളും അനുസരിച്ച് വിദേശത്തെ ഇന്ത്യന്‍ സൈനിക താവളങ്ങളെ സ്റ്റേജിംഗ് ലൊക്കേഷനായോ ആശയവിനിമയ കേന്ദ്രങ്ങളായോ ലോജിസ്റ്റിക്കല്‍, ഇന്‍റലിജന്‍സ് സഹായം എന്നിവയ്ക്കായി ഉപയോഗിക്കാം. അത്തരത്തില്‍ ഇന്ത്യക്കുള്ള കേന്ദ്രങ്ങള്‍ ഏതൊക്കെയാണെനന് നോക്കാം.

1 തജിക്കിസ്ഥാന്‍

ഇന്ത്യയുടെ ആദ്യത്തെ വിദേശ സൈനിക കേന്ദ്രം തുടങ്ങിയത് തജിക്കിസ്ഥാനിലാണ്.  തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് 130 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി ഫാര്‍ഖോര്‍ പട്ടണത്തിനടുത്താണ് ഈ എയര്‍ ബേസ്. ഫാര്‍ഖോര്‍ പട്ടണത്തിനടുത്ത് ആയതുകൊണ്ട് തന്നെ ഫാര്‍ഖോര്‍ എയര്‍ ബേസ് എന്നാണ് ഈ സൈനിക കേന്ദ്രം അറിയപ്പെടുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സും താജിക് എയര്‍ഫോഴ്‌സും സംയുക്തമായാണ് ഇത് നടത്തുന്നത്. ഇന്ത്യക്ക് നിയന്ത്രണമുള്ള ഇറാനിലെ ഛബ്ബര്‍ തുറമുഖം വഴി ഫാര്‍ഖോര്‍ എയര്‍ ബേസിലേക്ക് ചരക്ക് നീക്കം എളുപ്പത്തില്‍ സാധിക്കും.

തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് 10 കിലോമീറ്റര്‍ പടിഞ്ഞാറായി തജിക്കിസ്ഥാനിലെ ഒരു സൈനിക വ്യോമതാവളമാണ് അയ്‌നി എയര്‍ഫോഴ്‌സ് ബേസ്, ഗിസാര്‍ എയര്‍ ബേസ് എന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സും താജിക് എയര്‍ഫോഴ്‌സും സംയുക്തമായാണ് ബേസ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വിദേശ വ്യോമതാവളം കൂടിയാണിത്. 2014 മുതല്‍ ഇന്ത്യ ഈ വ്യോമ താവളത്തില്‍ പോര്‍ വിമാനങ്ങളായ സുഖോയ് 30 വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍  കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള വിമാനങ്ങളുടെ സ്റ്റാന്‍ഡ്‌ബൈ ബേസ് ആയി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അയ്നി വ്യോമ താവളം ഉപയോഗിച്ചു.  

2 ഒമാന്‍

റാസല്‍ ഹദ്ദില്‍ ഇന്ത്യയ്ക്ക് ഒരു ലിസണിംഗ് സ്റ്റേഷനുണ്ട്. മസ്‌കറ്റ് നാവിക കേന്ദ്രത്തില്‍ ഇന്ത്യന്‍ നാവിക സേനക്ക് ബെര്‍ത്തിംഗിന് പ്രത്യേകാവകാശമുണ്ട്. അതുപോലെത്തന്നെ ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കും ദുക്മില്‍ ഒരു താവളവുമുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലായി ഐഎന്‍എസ് മുംബൈ മുമ്പ് ദുക്മിനെ ഒരു തുറമുഖമായി ഉപയോഗിച്ചിരുന്നു. ഒമാനില്‍ ഇന്ത്യയ്ക്ക് മൂന്ന് നാവിക താവളങ്ങളും ഒരു വ്യോമതാവളവുമുണ്ട്.

3 ഇറാന്‍

തെക്ക് - കിഴക്കന്‍ ഇറാനിലെ ഗള്‍ഫ് ഓഫ് ഒമാനില്‍ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ചബഹാര്‍.  ഈ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇന്ത്യയും ഇറാനും സംയുക്തമായി നടത്തുന്നു. മധ്യേഷ്യന്‍ വിപണികളിലേക്ക് ഇന്ത്യക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനുള്ള കവാടമായാണ് ഈ തുറമുഖം വിഭാവനം ചെയ്യപ്പെടുന്നത്. പെട്രോളിയം ആവശ്യത്തിനായി പ്രധാനമായും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്ക് തടസങ്ങളില്ലാതെ ലഭ്യത ഉറപ്പു വരുത്തുന്നതിലും ചബഹാര്‍ പോര്‍ട്ട് തന്ത്ര പ്രധാനമാണ് .

4 ഭൂട്ടാന്‍

ഇന്ത്യന്‍ സൈനിക പരിശീലന സംഘം ഭൂട്ടാനിലുണ്ട്. പടിഞ്ഞാറന്‍ ഭൂട്ടാനിലെ ഹാ ദസോങ്ങിലെ ഈ താവളം സൈനീക പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. റോയല്‍ ബോഡിഗാര്‍ഡ് ഓഫ് ഭൂട്ടാന്റെയും റോയല്‍ ഭൂട്ടാന്‍ ആര്‍മിയുടെയും പരിശീലനത്തിന് ഇവിടെ സൗകര്യങ്ങളുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാനിലെ ഇന്ത്യന്‍ സൈനിക പരിശീലന കേന്ദ്രം നിര്‍ണ്ണായകമാണ്.

5 നേപ്പാള്‍

അയല്‍ രാജ്യമായ നേപ്പാളുമായി ഇന്ത്യ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു.  നേപ്പാളിന്റെ സംരക്ഷണം ഇന്ത്യന്‍ സൈന്യത്തിന്റെ കൈകളില്‍ സുരക്ഷിതമാണ് . ഇന്ത്യന്‍ വ്യോമസേന സുര്‍ഖേത്തില്‍ ഒരു വ്യോമസേനാ താവളം സ്ഥാപിച്ചിട്ടുണ്ട്. സുര്‍ഖേത്തിലെ ഇന്ത്യന്‍ സാന്നിധ്യം ആകാശ ഭീഷണികളില്‍ നിന്നും നേപ്പാളിനെ സംരക്ഷിക്കുന്നു.  
കൂടാതെ, നേപ്പാള്‍ സേനയ്ക്ക് ആയുധവും യുദ്ധ പരിശീലനവും ഇന്ത്യ നല്‍കുന്നുണ്ട്.

6 മഡഗാസ്‌കര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്ര ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുവാന്‍ വേണ്ടിയും ഷിപ്പിംഗ് നിയന്ത്രണത്തിനായും 2007-ല്‍ വടക്കന്‍ മഡഗാസ്‌കറില്‍ ഇന്ത്യ സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ വിദേശ ലിസണിംഗ് പോസ്റ്റായിരുന്നു ഇത്. ഈ സൈനിക താവളം മഡഗാസ്‌കര്‍ നാവികസേനക്ക് തീരത്തിന്റെ നിരീക്ഷണത്തിനായും ഉപകാരപ്പെടുന്നതാണ് .

7 മൗറീഷ്യസ്

വടക്കന്‍ അഗലേഗ ദ്വീപില്‍ ഇന്ത്യ ഒരു സൈനിക താവളം നിര്‍മ്മിക്കുകയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൈനിക സഹകരണത്തിന്‍റെ ഭാഗമായി അഗലേഗ ദ്വീപ് പാട്ടത്തിന് നല്‍കിയതാണ്. ഇവിടെ എയര്‍ സ്ര്ടിപ്പും സൈനിക താവളവും ഇന്ത്യ, നാവിക സേനയുടെ കപ്പലുകള്‍ക്ക് എത്തുവാനായി തുറമുഖവും സജ്ജമാകും

8 സീഷെല്‍സ്

അസംപ്ഷന്‍ ദ്വീപില്‍ നാവികസേനാ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും സീഷെല്‍സും ഒപ്പുവച്ചു. സീഷെല്‍സിന് ഇന്ത്യയില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ ക്രെഡിറ്റും ഒരു ഡോര്‍ണിയര്‍ വിമാനവും ലഭിച്ചു . ഇവിടെ തീര നിരീക്ഷണ റഡാര്‍ സംവിധാനം ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

9 മൊസാംബിക്

തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കുമായി ഇന്ത്യയ്ക്ക് മികച്ച  സൈനിക ബന്ധമുണ്ട്. 2003-ല്‍ മൊസാംബിക്കില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലും ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയിലും ഇന്ത്യന്‍ നാവികസേനയാണ് മൊസാംബിക്കിന്റെ കടല്‍ സുരക്ഷ നോക്കിയിരുന്നത്.

10 സിംഗപ്പൂര്‍

മലാക്ക കടലിടുക്കിലെ ചൈനയുടെ വിപുലീകരണ തന്ത്രത്തെ മറികടക്കുവാന്‍  ഇന്ത്യയും ചൈനയുമായി നാവിക സഹകരണ കരാറില്‍ സിംഗപ്പൂര്‍ ഒപ്പുവച്ചു. ചൈനയുടെ വ്യാപാര പാതയില്‍ സൈനിക സാന്നിധ്യം സ്ഥാപിക്കാനും ഈ കരാര്‍ ഇന്ത്യയെ സഹായിച്ചു. ചൈനയുടെ വ്യാപാരത്തിന്റെ 70 ശതമാനവും മലാക്ക കടലിടുക്ക് വഴിയാണ് നടക്കുന്നത്. സിംഗപ്പൂരിലെ ചാംഗി നേവല്‍ ബേസ് ഇന്ത്യന്‍ നാവിക താവളമായി പ്രവര്‍ത്തിക്കുന്നു. 

ദേശീയ സുരക്ഷാ തന്ത്രത്തിന്‍റെ ഭാഗമായി സൗഹൃദത്തിലുള്ള രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സഹകരണം നടത്തുന്നു. സൈനീക  അഭ്യാസങ്ങള്‍, പോര്‍ട്ട് കോളുകള്‍  പരിശീലന സൗകര്യങ്ങള്‍ എന്നിവയെല്ലാം പരസ്പര സുരക്ഷയുടെ താത്പര്യം മുന്‍ നിര്‍ത്തി നടത്തുന്നു. ഇന്ത്യ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മറ്റ് നാവികസേനകളുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. യുഎസ്, യുകെ, ഫ്രാന്‍സ്, സിംഗപ്പൂര്‍, വിയറ്റ്‌നാം, ജപ്പാന്‍ എന്നി രാജ്യങ്ങളുടെ സേനയുമായി ഇന്ത്യ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഈ സുപ്രധാന സ്ഥലങ്ങളിലെ സൈനിക സഹകരണം  നമ്മുടെ വ്യാപാര, സൈനിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷികമാണ്. 

ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ഉടൻ എംവി‍ഡിക്ക് മുന്നിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios