ബംഗാൾ ഉൾക്കടലിന് മുകളിൽ 8 വർഷം മുൻപ് 29 പേരുമായി കാണാതായ ഇന്ത്യൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
ഈ പ്രദേശത്ത് മുൻപ് യുദ്ധവിമാനങ്ങൾ കാണാതായ ചരിത്രം ഇല്ലാത്തതിനാലാണ് കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇന്ത്യൻ യുദ്ധവിമാനത്തിന്റേത് തന്നെയാകുമെന്ന് കരുതുന്നത്
ചെന്നൈ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി. എട്ട് വർഷം മുൻപ് 29 പേരുമായി കാണാതായ എഎൻ-32 എന്ന എയർ ഫോഴ്സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ് ബംഗാൾ ഉൾക്കടലിൽ കണ്ടെത്തിയത്. 2016 ജൂലൈ 22 നാണ് ആഴക്കടലിന് മുകളിൽ വച്ച് വിമാനം കാണാതായത്. ചെന്നൈയിൽ നിന്ന് ആന്റമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്.
എട്ട് വർഷമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 3400 മീറ്റർ ആഴത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ അകലെ (ഉദ്ദേശം 310 കിലോമീറ്റർ) ഉൾക്കടലിൽ അടിത്തട്ടിലാണ് അവശിഷ്ടങ്ങൾ കിടക്കുന്നത്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്തും. ഈ പ്രദേശത്ത് മുൻപ് യുദ്ധവിമാനങ്ങൾ കാണാതായ ചരിത്രം ഇല്ലാത്തതിനാലാണ് കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇന്ത്യൻ യുദ്ധവിമാനത്തിന്റേത് തന്നെയാകുമെന്ന് കരുതുന്നത്. കാണാതാകുമ്പോൾ വിമാനത്തിലുണ്ടായിരുന്ന 29 പേരും വ്യോമസേനയിലെ ഉദ്യോഗസ്ഥരായിരുന്നു.