പ്രതിദിന കൊവിഡ് കണക്കിൽ അമേരിക്കയേയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ, 21 ദിവസത്തിനിടെ പത്ത് ലക്ഷത്തോളം രോഗികൾ

21 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്കെത്തിയത്. ഇന്നലെ മാത്രം അറുപത്തിരണ്ടായിരം പേര്‍ രോഗ ബാധിതരായതോടെ പ്രതിദിന വര്‍ധനവില്‍ അമേരിക്കയെയും ബ്രസീലിനെയും ഇന്ത്യ മറികടന്നു. 

India surpasses US and Brazil in daily Covid count, one million patients in 21 days

ദില്ലി: 21 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്കെത്തിയത്. ഇന്നലെ മാത്രം അറുപത്തിരണ്ടായിരം പേര്‍ രോഗ ബാധിതരായതോടെ പ്രതിദിന വര്‍ധനവില്‍ അമേരിക്കയെയും ബ്രസീലിനെയും ഇന്ത്യ മറികടന്നു. 

രോഗബാധിതര്‍  20,27,075 ആയി. 6,07,384  പേരാണ് നിലവിൽ ചികിത്സയിലുളളത്. 13,78,106 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 62,538 പേര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകളനുസരിച്ച് 41,585 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.  കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്ന വിമര്‍ശനമുയര്‍ത്തി  രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ജനുവരി മുപ്പതിന് ആദ്യ കോവിഡ് രോഗം സ്ഥിരീകരിച്ച് ആറുമാസത്തിനിപ്പുറം ആശങ്കയുണ്ടാക്കി കുതിക്കുകയാണ് രാജ്യത്ത് രോഗികളുടെ എണ്ണം. ആദ്യ രണ്ടു മാസം രോഗികളുടെ എണ്ണം 2000 ത്തില്‍ താഴെ മാത്രമായിരുന്നു. ഏപ്രില്‍ അവസാനത്തോടെ രോഗ ബാധിതര്‍ 35,000 കടന്നു. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും ദില്ലിയില്‍ നിന്നും ഓരോ ദിവസവും വന്നത് ആശങ്കയുടെ കണക്കുകളാണ്. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞു. 

മുംബൈയിലും ദില്ലിയിലും പരിശോധനയും പ്രതിരോധവും ഊര്‍ജ്ജിതമാക്കിയത് ഫലം കണ്ടു. ഇവിടെ രോഗികള്‍ കുറഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ പുനെയിലും ആന്ധ്രയിലും കര്‍ണാടകയിലും ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും രോഗികളുടെ എണ്ണമുയര്‍ന്നു. കഴിഞ്ഞ മുപ്പതോടെ പ്രതിദിന വര്‍ധന അര ലക്ഷത്തിന് മുകളിലായി. പിന്നീടുള്ള ഒന്‍പത് ദിവസവും ഈ നില തുടര്‍ന്നു.

മഹാരാഷ്ട്രയില്‍ പതിനൊന്നായിരത്തിനും ആന്ധ്രയില്‍ പതിനായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കർണ്ണാടകയിൽ ആറായിരത്തിലേറെ പേർ ഇന്നലെ രോഗികളായി. ഉത്തർപ്രദേശിൽ ആകെ കൊവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. പശ്ചിമ ബംഗാൾ, തെലിങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്.  കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ രാജ്യത്തുണ്ടായത് അഞ്ചര ലക്ഷം രോഗ ബാധിതര്‍. വരും ദിവസങ്ങളിലും പ്രതിദിന വര്‍ധന ഉയരുമെന്നാണ് വിലയിരുത്തല്‍.

രോഗികളുടെ എണ്ണം ഉയരുമ്പോഴും 68 ശതമാനത്തിലേക്ക് രോഗമുക്തിനിരക്ക് ഉയര്‍ന്നതാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ആറുലക്ഷത്തിലെത്തിയ പ്രതിദിന പരിശോധന  വൈകാതെ പത്തു ലക്ഷമായി ഉയര്‍ത്താനാനാണ് ഐസിഎംആര്‍ ലക്ഷ്യമിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios