സുപ്രധാന നീക്കവുമായി ഇന്ത്യ: 10 വര്‍ഷത്തേക്ക് ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് കരാര്‍ ഒപ്പിട്ടു
മധ്യേഷ്യയിൽ ഇറാനും ഇസ്രയേലുമായുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്
ദില്ലി: ഇറാനിലെ ചബഹാർ തുറമുഖത്തിൻറെ നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. പത്തു കൊല്ലത്തേക്ക് തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. മധ്യേഷ്യയിൽ ഇറാനും ഇസ്രയേലുമായുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഈ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ ഇന്ത്യ നേരത്തെ തന്നെ സഹകരിച്ചിരുന്നു. 2018 ൽ പ്രവർത്തനം ചെറുതായി തുടങ്ങിയിരുന്നു. ആറ് ക്രെയിനുകളും തുറമുഖത്തിനായി ഇന്ത്യ നൽകിയിരുന്നു. പത്ത് വർഷത്തിന് ശേഷം കരാര്‍ പുതുക്കുമെന്നുമാണ് വിവരം. മധ്യേഷ്യയിൽ ഇസ്രയേലിനെ പോലെ തന്നെ ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയും സൗഹൃദ രാഷ്ട്രവുമാണ് ഇറാൻ. പാക്കിസ്ഥാനിലെ ഗൊദെര്‍ തുറമുഖം വഴി ചരക്കുനീക്കത്തിന് ചൈന ശ്രമിക്കുന്നുണ്ട്. വൺ ബെൽറ്റ് പദ്ധതി വഴി പാക്കിസ്ഥാനിൽ റോഡ് നിര്‍മ്മാണത്തിനും ചൈന ശ്രമിക്കുന്നുണ്ട്. ഈ സമയത്താണ് ഇന്ത്യ ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിടുന്നത്.