പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ
ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് ബാങ്ക് കെവൈസി ലോഗിന്‍ എന്ന ലിങ്ക് സഹിതമാണ് സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് വരുന്നത്
ദില്ലി: കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യും എന്ന വ്യാജ സന്ദേശം പലര്‍ക്കും ലഭിച്ചിട്ടുള്ളതായിരിക്കും. സമാന രീതിയില്‍ ഇന്ത്യാ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു സന്ദേശം ഇപ്പോള്‍ പലരുടെയും ഫോണിലേക്ക് എത്തിയിരിക്കുകയാണ്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും എന്നാണ് മൊബൈല്‍ ഫോണുകളിലേക്ക് എത്തിയ സന്ദേശത്തില്‍ പറയുന്നത്. ഈ മെസേജ് സത്യമോ എന്ന് പരിശോധിക്കാം.
പ്രചാരണം
'ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് ബാങ്ക് കെവൈസി ലോഗിന്‍' എന്ന തലക്കെട്ടിലുള്ള ലിങ്ക് സഹിതമാണ് സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് വരുന്നത്. 'നിങ്ങളുടെ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്‍റ് ബാങ്ക് അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യപ്പെടും. അതിനാല്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്നും പറഞ്ഞാണ് സന്ദേശം വ്യാപകമായിരിക്കുന്നത്.
വസ്‌തുത
എന്നാല്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ഇത് സംബന്ധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 'ഇന്ത്യാ പോസ്റ്റ് ഇത്തരം സന്ദേശങ്ങള്‍ ഒരിക്കലും അക്കൗണ്ട് ഉപഭോക്‌താക്കള്‍ക്ക് അയക്കാറില്ല. ഇത്തരം വ്യാജ സന്ദേശങ്ങള്‍ കണ്ട് വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആരുമായും പങ്കുവെയ്‌ക്കാനും പാടില്ല' എന്നും പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ട്വീറ്റില്‍ പറയുന്നു. ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാനാണ് സാധ്യത. ഈ മുന്നറിയിപ്പ് ഇന്ത്യാ പോസ്റ്റ് വിഭാഗം മുമ്പും പുറപ്പെടുവിച്ചിട്ടുള്ളതാണ്.
Read more: ഗാസയിലെ അല്‍ ഷിഫാ ആശുപത്രിയില്‍ വൈറ്റ് ഫോസ്‌ഫറസ് ബോംബിട്ട് ഇസ്രയേല്‍? ചിത്രം ശരിയോ, പരിശോധിക്കാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം