ഐഎംഡിയുടെ 150-ാം വാർഷികം പാകിസ്ഥാനും ബംഗ്ലാദേശിനും ക്ഷണം; 'അവിഭക്ത ഇന്ത്യ'യെ ക്ഷണിച്ച് ഇന്ത്യ
1875 ജനുവരി 15 നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ആദ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
ദില്ലി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിലേക്ക് പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് ക്ഷണിച്ചത്. പുറമേ, മിഡിൽ ഈസ്റ്റ്, സെൻട്രൽ, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും ക്ഷണം അയച്ചിട്ടുണ്ട്. ക്ഷണം ലഭിച്ച വിവരം പാകിസ്ഥാൻ സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഐഎംഡി സ്ഥാപിക്കുന്ന സമയത്ത് അവിഭക്ത ഇന്ത്യയുടെ ഭാഗമായ എല്ലാ രാജ്യങ്ങളെയും ആഘോഷത്തിൻ്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യാ ഗവൺമെൻ്റിലെ വിവിധ മന്ത്രാലയങ്ങളും പരിപാടിയുടെ ഭാഗമാകും. പ്രത്യേക അവസരത്തോടനുബന്ധിച്ച് 150 രൂപയുടെ പ്രത്യേക സ്മരണിക നാണയം പുറത്തിറക്കാൻ ധനമന്ത്രാലയം തീരുമാനിച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ 150 വർഷം ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക ടാബ്ലോ അവതരിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
1875 ജനുവരി 15 നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ആദ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. 1785-ൽ കൽക്കട്ട ഒബ്സർവേറ്ററിയും 1796-ൽ മദ്രാസ് ഒബ്സർവേറ്ററിയും 1826-ൽ ബോംബെ ഒബ്സർവേറ്ററിയും ആരംഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള സ്ഥാപിക്കപ്പെട്ടു. 1864-ൽ കൊൽക്കത്തയെ ചുഴലിക്കാറ്റ് തകർത്തതിന് ശേഷം 1875-ൽ ഐഎംഡി നിലവിൽ വന്നു. 1875-ൽ അതിൻ്റെ തുടക്കം മുതൽ, ഐഎംഡിയുടെ ആസ്ഥാനം കൽക്കട്ടയിലായിരുന്നു. 1905-ൽ ഇത് ഷിംലയിലേക്കും പിന്നീട് 1928-ൽ പൂനെയിലേക്കും 1944-ൽ ദില്ലിയിലേക്കും മാറ്റി.
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ സ്ഥാപിതമായപ്പോൾ അവരുമായി സഹകരിച്ചു. 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷണത്തിനും ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾക്കുമായി സ്വന്തം ഭൂസ്ഥിര ഉപഗ്രഹമായ ഇൻസാറ്റ് വിക്ഷേപിച്ച ആദ്യത്തെ വികസ്വര രാജ്യമായി ഇന്ത്യ മാറി.