വാക്സീൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; നാളെ 700ലധികം ജില്ലകളിൽ ഡ്രൈ റൺ
പുണെ വാക്സിൻ വിതരണത്തിൻ്റെ പ്രധാന ഹബ്ബായി പ്രവർത്തിക്കും. വടക്കെ ഇന്ത്യയിൽ ദില്ലിയും കർണാലുമാകും മിനി ഹബ്ബുകൾ. തെക്ക് ചെന്നൈയും ഹൈദരാബാദും. വടക്ക് കിഴക്കൻ മേഖലയുടെ കൂടി ഹബ്ബാകും കൊൽക്കത്ത. യാത്രാ വിമാനങ്ങളിൽ വാക്സീൻ കൊണ്ടു പോകാനും കേന്ദ്രം അനുമതി നൽകി.
ദില്ലി: കൊവിഡ് വാക്സീൻ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. വ്യോമസേന വിമാനങ്ങളും വാക്സീൻ വിതരണത്തിന് ഉപയോഗിക്കും. വിതരണത്തിന് സജ്ജമാകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. നാളെ 700ലധികം ജില്ലകളിൽ ഡ്രൈറൺ നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയ 41 സെൻ്ററുകളിലേക്ക് വാക്സീൻ എത്തിക്കുന്ന നടപടിക്കാണ് ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചത്. നാളെയോടെ വാക്സീൻ എല്ലാ കേന്ദ്രങ്ങളിലും എത്തി തുടങ്ങും. വ്യോമസേനയുടെ സഹായവും വിതരണത്തിന് ആരോഗ്യമന്ത്രാലയം തേടി. വ്യോമസേനയുടെ ട്രാൻസ്പോർട്ടർ വിമാനങ്ങളിലാകും മരുന്ന് കൊണ്ടു പോകുക. വാക്സീൻ വിതരണത്തിനുള്ള തയ്യാറെടുപ്പ് കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത യോഗം വിലിയിരുത്തി.
പുണെ വാക്സിൻ വിതരണത്തിൻ്റെ പ്രധാന ഹബ്ബായി പ്രവർത്തിക്കും. വടക്കെ ഇന്ത്യയിൽ ദില്ലിയും കർണാലുമാകും മിനി ഹബ്ബുകൾ. തെക്ക് ചെന്നൈയും ഹൈദരാബാദും. വടക്ക് കിഴക്കൻ മേഖലയുടെ കൂടി ഹബ്ബാകും കൊൽക്കത്ത. യാത്രാ വിമാനങ്ങളിൽ വാക്സീൻ കൊണ്ടു പോകാനും കേന്ദ്രം അനുമതി നൽകി.
ഒരു തടസ്സവുമില്ലാതെ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും വാക്സിൻ എത്തിക്കാനാണ് ശ്രമമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ പറഞ്ഞു. ലഡാക്ക് നാഗാലാൻഡ് തുടങ്ങിയ ഇടങ്ങളിലും സംഭരണശാലകൾ അടുത്തയാഴ്ച തയ്യാറാകും. നാളെ നടക്കുന്ന ഡ്രൈ റണ്ണിൽ കൊവിൻ ആപ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ ക്ഷമത പരിശോധിക്കും. ആധാറുമായി ബന്ധപ്പെടുത്തിയുള്ള കൊവിൻ ആപ്പിൽ 12 ലധികം ഭാഷകളിൽ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം ഉണ്ട്. ഇന്ത്യ വികസിപ്പിചച്ച രണ്ട് വാക്സിനുകളും ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.