രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയും ദില്ലിയും തമിഴ്‌നാടും, രോഗികളുടെ എണ്ണത്തിൽ വൻ വർധന
തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ പ്രതിദിന മരണ നിരക്കിൽ ഇന്ന് വലിയ വർധനവാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 38 മരണമാണ് രേഖപ്പെടുത്തിയത്
ദില്ലി: രാജ്യത്തിനാകെ വെല്ലുവിളിയായി കൊവിഡ് രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിൽ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലുമാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ 3390 പേർക്കും ദില്ലിയിൽ 2224 പേർക്കും തമിഴ്നാട്ടിൽ 1974 പേർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ പ്രതിദിന മരണ നിരക്കിൽ ഇന്ന് വലിയ വർധനവാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 38 മരണമാണ് രേഖപ്പെടുത്തിയത്. ഇവരിൽ 31 പേരും ചെന്നൈയിലാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 1415 പേർ ചെന്നൈയിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 44661 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം കൊവിഡ് ബാധിതർ 31896 ആയി. മരണസംഖ്യ 435 ലേക്കെത്തി.
മഹാരാഷ്ട്രയിൽ ഇന്ന് 3,390 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,958 ആയി. ഇന്ന് മരണം 120 ആണ്. ആകെ 3,950 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. 1632 പേർക്ക് ഇന്ന് രോഗം ഭേദമായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 50978 ആയി.
ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2224 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 56 പേർ കൂടി മരിച്ചതോടെ ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1327 ആയി. ആകെ രോഗബാധിതർ 41,182 ആണ്.
കർണാടകത്തിൽ 176 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 7000ത്തിലേക്ക് എത്തി. 2956 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ബെംഗളൂരുവിൽ മാത്രം ഇന്ന് 42 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തെലങ്കാനയിൽ ഒരു ടിആർഎസ് എംഎൽഎക്കും 23 മാധ്യമപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നിസാമാബാദ് റൂറൽ എംഎൽഎ ബാലാജി റെഡ്ഡി ഗോവർദ്ധനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച എംഎൽഎ യാദഗിരി റെഡ്ഢിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ഭാര്യക്കും ഗൺമാനും ഉൾപ്പടെ 4 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 50 ആയി. ഇവരിലൊരാൾ നേരത്തെ മരിച്ചിരുന്നു.