രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ ആന്ധ്രപ്രദേശിലും പ്രതിദിന രോഗബാധ 10000 കടന്നു
മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആശങ്ക തുടരുന്നു. മഹാരാഷ്ട്രയിൽ 9200 ലേറെ ആളുകൾക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ പ്രതിദിന രോഗബാധ പതിനായിരം കടന്നു
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രം. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 15.8 ലക്ഷം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി 50000 കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 750ഓളം മരണമാണ് ഇന്ന് മാത്രം വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആശങ്ക തുടരുന്നു. മഹാരാഷ്ട്രയിൽ 9200 ലേറെ ആളുകൾക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ പ്രതിദിന രോഗബാധ പതിനായിരം കടന്നു. പ്രതിദിന രോഗബാധ പതിനായിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. തമിഴ്നാട്ടിൽ
ആറായിരത്തിനും കർണ്ണാടകത്തിൽ അയ്യായിരത്തിനും മുകളിൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഉത്തർപ്രദേശിൽ തുടർച്ചയായി മൂവായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിൽ ആയിരത്തിലേറെ പുതിയ രോഗികളെയാണ് ഓരോ ദിവസവും കണ്ടെത്തുന്നത്.