രാജ്യത്ത് കൊവിഡ് രോഗികള്‍ അഞ്ചരലക്ഷം കടന്നു, 24 മണിക്കൂറിനിടെ പതിനെട്ടായിരം രോഗികൾ കൂടി
രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികൾ ഉൾപ്പെടെ പതിനാല് ആശുപത്രികളിൽ മാത്രം ഇതുവരെ രോഗികളായത് 2109
ആരോഗ്യ പ്രവർത്തകരാണ്.
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളിൽ 18,522 പേര്‍ക്ക് രോഗബാധയുണ്ടായി. 418 പേര്‍ മരിച്ചു. ഇതുവരെ 16,893 പേരാണ് കൊവിഡിന് കീഴടങ്ങിയത്. നിലവിൽ രോഗികൾ 2,15125 ആണ്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികൾ ഉൾപ്പെടെ പതിനാല് ആശുപത്രികളിൽ മാത്രം ഇതുവരെ രോഗികളായത് 2109
ആരോഗ്യ പ്രവർത്തകരാണ്. ഇതില്‍ 18 ആരോഗ്യ പ്രവർത്തകർ മരിച്ചു. ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗികളായത് ദില്ലി എംയിസിലാണ്. 769 പേർക്കാണ് ഇവിടെ രോഗബാധയുണ്ടായത്.
രോഗബാധിതരയിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. ആകെ 1,69,883 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗികളായത്. ഇന്നലെ മാത്രം 5257 പേർ രോഗികളായി. അതെ സമയം ദില്ലിയെ പിന്നിലാക്കി തമിഴ്നാട് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ രോഗികളായത്. ദില്ലിയിൽ 85, 161 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്നാടും അടുത്ത മാസം 31 വരെ ലോക് ഡൗൺ നീട്ടി.
ഇതിനിടെ കൊവിഡ് 19 പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയതായി കമ്പനി അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്.